കേരള ഫുട്ബോളിന് മറ്റൊരു പൊൻതൂവൽ കൂടി; പ്രഥമ ദേശീയ ബീച്ച് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കൾ



സൂററ്റ്: ഗുജറാത്തിൽ നടന്ന പ്രഥമ ദേശീയ ബീച്ച് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം ജേതാക്കൾ. ഫൈനലിൽ പഞ്ചാബിനെ തോൽപ്പിച്ചത് പതിമൂന്ന് ഗോളുകൾക്ക്. പഞ്ചാബ് നാലെണ്ണം തിരിച്ചടിച്ചു എങ്കിലും മത്സരത്തിന്റെ കടിഞ്ഞാൺ കേരളത്തിന്റെ കയ്യിലായിരുന്നു. കേരള താരങ്ങളേക്കാൾ ഉയരവും ശാരീരികക്ഷമതയുമുള്ള പഞ്ചാബിനെതിരെ പാസിംഗ് ഗെയിമിലൂടെയാണ് ടീം കളം പിടിച്ചത്. കൂടാതെ പഞ്ചാബിനെതിരെ ഗ്രൂപ്പ് ഘട്ടത്തിലേറ്റ തോൽവിക്ക് മധുരപ്രതികാരം കൂടിയായി ഈ കിരീട നേട്ടം. 
ഗ്രൂപ്പ് ഘട്ടത്തിൽ പഞ്ചാബിനോട് ആറിനെതിരെ അഞ്ച് ഗോളുകൾക്ക് തോൽവി വഴങ്ങിയെങ്കിലും ആധികാരികമായിരുന്നു കേരളത്തിന്റെ ഫൈനൽ പ്രവേശം. ഗുജറാത്തിനെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ടൂർണമെന്റ് ആരംഭിച്ച ടീം പിന്നീട് നടത്തിയത് ജൈത്രയാത്ര. ഗ്രൂപ്പ് ഘട്ടത്തിൽ രാജസ്ഥാനെതിരെ 19 ഗോളുകളും മധ്യ പ്രാദേശിനെതിരെ 17 ഗോളുകളും ടീം നേടി. ക്വാർട്ടർ ഫൈനലിൽ ലക്ഷദ്വീപിനെ അഞ്ച് ഗോളുകൾക്ക് തകർത്തെറിഞ്ഞു. ഇരു ടീമുകളും ചേർന്ന് 20 ഗോളുകൾ അടിച്ചുകൂട്ടിയ ആവേശ പൂർണമായ സെമി ഫൈനലിൽ ഉത്തരാഖണ്ഡിനെ തോൽപ്പിച്ചത് ഒൻപതിനെതിരെ പതിനൊന്ന് ഗോളുകൾക്കാണ് (9-11).


ഇന്ത്യ ആദ്യമായാണ് ബീച്ച് ഫുട്ബോളിനായി ദേശീയ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ദേശീയ സീനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പായ സന്തോഷ് ട്രോഫിയിലും ദേശീയ ലീഗുകളായ ഇന്ത്യൻ സൂപ്പർ ലീഗിലും ഐ ലീഗിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന കേരളത്തിൽ നിന്നുള്ള ടീമുകളുടെ നിരയിലേക്കാണ് ബീച്ച് സോക്കർ ടീമും അണിനിരക്കുന്നത്. ദേശീയ തലത്തിൽ കേരളത്തിന്റെ പഴയ പ്രതാപം വീണ്ടെക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഈ വിജയവും എഴുതിച്ചേർക്കപ്പെടും.

Kerala won national beach soccer championship
Previous Post Next Post