മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി, പൊതു സമൂഹത്തോടും മാധ്യമങ്ങളോടും നന്ദിയറിയിച്ച് കാപ്പൻ



ദില്ലി : 27 മാസം നീണ്ട ജയിൽവാസത്തിന് ശേഷം മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് കാപ്പന്റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്. ലക്നൌ ജയിൽ നിന്നും പുറത്തിറങ്ങിയ കാപ്പൻ തന്റെ മോചനത്തിന് വേണ്ടി പ്രവർത്തിച്ച പൊതുസമൂഹത്തോടും മാധ്യമപ്രവർത്തകരോടും നന്ദിയറിയിച്ചു. 
'പല സഹോദരൻമാരും കള്ളക്കേസിൽ കുടുങ്ങി ജയിൽ കഴിയുന്നുണ്ട്. അവർക്കൊന്നും നീതി ലഭിക്കാത്ത കാലം വരെയും നീതി പൂർണമായി നടപ്പിലായെന്ന് പറയാൻ കഴിയില്ല. തനിക്കൊപ്പം ജയിലിലായവർക്കും ഇപ്പോഴും പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. ആ നിലയിൽ നീതി നടപ്പായെന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിപ്പോർട്ടിംഗിന് വേണ്ടി പോയ സമയത്താണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊന്നും ചെയ്തിട്ടില്ല. ബാഗിൽ നോട്ട് പാഡും രണ്ട് പേനയുമായിരുന്നു ഉണ്ടായിരുന്നത്. മറ്റൊന്നും ബാഗിൽ നിന്നും പൊലീസിന് ലഭിച്ചിട്ടില്ലെന്നും കാപ്പൻ പറഞ്ഞു. ലക്നൗ ജയിലിൽ നിന്നും പുറത്തിറങ്ങിയ കാപ്പൻ ഇനി ദില്ലിയിലേക്ക് പോകും. അതിന് ശേഷം ആറ് ആഴ്ചക്ക് ശേഷമാകും കേരളത്തിലേക്ക് മടങ്ങുക. 

journalist siddique kappan released from jail
Previous Post Next Post