തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്‌സലുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ സംസ്ഥാന വ്യാപകമായി നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഫെബ്രുവരി ഒന്നുമുതല്‍ ഭക്ഷണ പാഴ്‌സലുകളില്‍ സ്ലിപ്പോ സ്റ്റിക്കറോ നിര്‍ബന്ധമാക്കിയിട്ടുണ്ട്. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കിയിരിക്കണംമെന്ന് മന്ത്രി വ്യക്തമാക്കി.
സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്‌സലുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡ് 321 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 53 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 7 സ്ഥാപനങ്ങള്‍ അടപ്പിച്ചു. 62 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി 21 പരിശോധനകളാണ് നടത്തിയത്. 25 മത്സ്യ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത 40 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുടെ ഭാഗമായി നോട്ടീസ് നല്‍കി.
സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധ കേസുകള്‍ കൂടിയതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. ഭക്ഷണം പാഴ്‌സല്‍ കൊടുക്കുമ്പോള്‍ നല്‍കുന്ന സയവും എത്ര സമയത്തിനുള്ളില്‍ ഉപയോഗിക്കണം എന്നതും രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പതിപ്പിക്കാന്‍ സര്‍ക്കാര്‍ ഹോട്ടലുകള്‍ക്ക് നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എല്ലാവരും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശീലനം നേടിയിരിക്കണമെന്നും ശുചിത്വം ഉറപ്പാക്കാന്‍ സ്ഥാപനത്തിലുള്ള ഒരാള്‍ക്ക് സൂപ്പര്‍വൈസര്‍ ചുമതല നല്‍കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Parcel sale without sticker