മരണക്കുരുക്കായി കേബിളുകൾ; റോഡ് സുരക്ഷാ അതോറിറ്റി ഇടപെടുന്നുതിരുവനന്തപുരം: പൊതുനിരത്തിലെ കേബിളുകൾ മരണക്കുരുക്കാകുന്നതു പതിവായതോടെ റോഡ് സുരക്ഷാ അതോറിറ്റി ഇടപെടുന്നു. കേബിളിടാൻ അനുമതി നൽകുന്ന കെഎസ്ഇബി, പൊതുമരാമത്തു വകുപ്പ്, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ പ്രതിനിധികളുടെ യോഗം ഉടൻ വിളിച്ചു ചേർക്കാൻ അതോറിറ്റി ചെയർമാൻ കൂടിയായ ഗതാഗതമന്ത്രി ആന്റണി രാജു നിർദേശിച്ചു.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെ ഏകോപനം അതോറിറ്റിയുടെ ചുമതലയാണ്. എന്നാൽ, വകുപ്പുകളുടെ ഏകോപനമില്ലായ്മയും അലംഭാവവും മൂലം ഇത്തരം അപകടങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരും തയാറല്ല. റോഡിൽ പൊലിയുന്ന ജീവന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ അതോറിറ്റിക്കും പൊതുമരാമത്തു വകുപ്പിനും കഴിയുകയുമില്ല.

വൈദ്യുതി പോസ്റ്റിലൂടെ കേബിളിടാൻ ആർക്കൊക്കെയാണ് അനുമതി നൽകിയതെന്ന കാര്യത്തിൽ കെഎസ്ഇബിക്കു തിട്ടമില്ല. വർഷങ്ങൾക്കു മുൻപ് ഉപയോഗം കഴിഞ്ഞ കേബിളുകൾ പോലും തലങ്ങും വിലങ്ങും വഴികളിലുണ്ട്.

കായംകുളത്ത് ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ വൈദ്യുതി പോസ്റ്റിലെ കേബിൾ കഴുത്തിൽ കുരുങ്ങി കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽ തറയിൽ വിജയന്റെ ഭാര്യ ഉഷയുടെ ജീവനാണ് ഏറ്റവും ഒടുവിൽ പൊലിഞ്ഞത്. ജനുവരി 13ന് തിരുവനന്തപുരം പൂജപ്പുരയിൽ കേബിൾ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരനു പരുക്കേറ്റിരുന്നു. കഴിഞ്ഞ ജൂണിൽ കൊച്ചി നഗരത്തിലും കേബിൾ കുരുങ്ങി യാത്രക്കാരൻ മരിച്ചു. ഹൈക്കോടതി ഇടപെട്ടതിനെത്തുടർന്ന് ഇത്തരം കേബിളുകൾ മുറിച്ചു മാറ്റാൻ കൊച്ചി കോർപറേഷൻ നടപടിയെടുത്തെങ്കിലും ആരംഭത്തിൽത്തന്നെ നിലച്ചു.


ഏതൊക്കെ റോഡിൽ, എങ്ങനെ, എവിടെയൊക്കെ കേബിൾ വലിക്കാമെന്നും എത്ര ഉയരം വേണമെന്നും ഉൾപ്പെടെ കൃത്യമായ നയം പൊതുമരാമത്തു വകുപ്പിന്റെ ഇന്ത്യൻ റോഡ് കോൺഗ്രസിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥർ അതു കണ്ടിട്ടേയില്ലെന്ന മട്ടിലാണ്. റോഡിൽ സുരക്ഷാ പ്രശ്നമുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ അതോറിറ്റിക്ക് അധികാരമുണ്ട്. മുന്നറിയിപ്പു ബോർഡില്ലാതെ റോഡിൽ കുഴിയെടുക്കുന്ന ജലഅതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെയും നോട്ടിസ് നൽകി നടപടിക്കു നിർദേശിക്കാനാകും. പക്ഷേ, റോഡ് സുരക്ഷാ സെസ് പിരിക്കുന്നതല്ലാതെ സുരക്ഷയ്ക്കായി എന്തെങ്കിലും ചെയ്യാൻ അതോറിറ്റി തുനിയാറില്ല. ജീവനക്കാരില്ലെന്നാണ് അവരുടെ മറുപടി.

Road Safety authority on cable on public road
Post a Comment (0)
Previous Post Next Post