മദ്യം മുതൽ പാർപ്പിടം വരെ; ഇവയ്ക്ക് ഇനി വില കൂടും



തിരുവനന്തപുരം: മദ്യം മുതൽ പാർപ്പിടം വരെ, പുതിയ ബജറ്റ് വന്നതോടെ ഇവയ്‌ക്കെല്ലാം ചെലവേറുകയാണ്. മദ്യത്തിന് 20 രൂപ മുതൽ 4 രൂപ വരെ കൂട്ടിയപ്പോൾ, പെട്രോളിനും ഡീസലിനും രണ്ട് രൂപയാണ് ഉയർത്തിയിരിക്കുന്നത്. അവിടം കൊണ്ട് അവസാനിക്കുന്നില്ല. ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിച്ചിരിക്കുകയാണ്. ഒപ്പം ഫ്‌ളാറ്റ്/അപ്പാർട്ട്‌മെന്റ് മുദ്ര വില കൂട്ടി, 7% ൽ എത്തിച്ചു. പട്ടയം ഭൂമിയിലെ നികുതിയും പരിഷ്‌കരിക്കുമെന്നാണ് ബജറ്റിൽ ധനമന്ത്രി പറഞ്ഞത്. 
ഭൂമിയുടെ ന്യായവില, ഫ്‌ളാറ്റ് / അപ്പാർട്ട്‌മെന്റ് വില

സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില 2010-ൽ നിലവിൽ വന്നു. അതിനുശേഷം ഇത് അഞ്ച് തവണ പുതുക്കുകയുണ്ടായി. വിപണി മൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്തുവാൻ വേണ്ടി നിലവിലുള്ള ന്യായവില 20 ശതമാനം വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റിൽ പറഞ്ഞു.

വിവിധ കാരണങ്ങളാൽ വിപണി മൂല്യം വർധിച്ച പ്രദേശങ്ങളിൽ ഭൂമിയുടെ ന്യായവില 30% വരെ വർധിപ്പിക്കുന്നതിനായി 2020-ൽ ഫിനാൻസ് ആക്റ്റിലൂടെ നിയമ നിർമ്മാണം നടപ്പിലാക്കിയ സാഹചര്യത്തിൽ, അത് പ്രകാരം വർധനവ് വരുത്തേണ്ട മേഖലകളെ നിർണ്ണയിക്കുന്നതിനായി വിശദമായ പഠനം നടത്തി മാനദണ്ഡങ്ങൾ കൊണ്ടുവരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

റിയൽ എസ്റ്റേറ്റ് മേഖലയിലുണ്ടായ ആഗോള സാമ്പത്തിക മാന്ദ്യം കണക്കിലെടുത്തുകൊണ്ട് 2010-ൽ ഈ മേഖലയ്ക്ക് ഉത്തേജനം നൽകുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും കെട്ടിട നമ്പർ ലഭിച്ച് 6 മാസത്തിനകം കൈമാറ്റം ചെയ്യുന്ന ഫ്‌ളാറ്റ് / അപ്പാർട്ട്‌മെന്റ് എന്നിവയ്ക്ക് മുദ്രവില 5% ആയി കുറച്ചിരുന്നു. നിലവിലുള്ള മുദ്രവില നിരക്കുകൾ കണക്കിലെടുത്തുകൊണ്ട് ഈ ബജറ്റിൽ 5% എന്നത് 7 % ആയി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഒരു ആധാരം രജിസ്റ്റർ ചെയ്തതിന് ശേഷം 3 മാസത്തിനകമോ 6 മാസത്തിനകമോ നടത്തപ്പെടുന്ന തീറാധാരങ്ങൾക്ക് നിലവിലുള്ള അധിക മുദ്രവില നിരക്കുകൾ ഒഴിവാക്കുന്നതാണെന്നും ബജറ്റിൽ പറയുന്നു.

ഇന്ധന വില

സംസ്ഥാനത്ത് പെട്രോളിന് വില കൂടും. പെട്രോൾ, ഡിസൽ എന്നിവയ്ക്ക് ലിറ്ററിന് രണ്ട് രൂപാ നിരക്കിൽ സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തി. ഇതിലൂടെ അധികമായി 750 കോടി രൂപ സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ടിലേക്ക് പ്രതീക്ഷിക്കുന്നുവെന്നാണ് ധനമന്ത്രി പറഞ്ഞത്.


മദ്യ വില

സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് സാമൂഹിക സുരക്ഷ സെസ് ഏർപ്പെടുത്തി. ഇതോടെ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് 20 മുതൽ 40 രൂപ വരെ ഉയരും. പെട്രോളിനും ഡീസലിനും സെസ് 2 രൂപ വീതം വർധിപ്പിച്ചുവെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ സഭയിൽ പറഞ്ഞു.

പഴവർഗങ്ങളും മറ്റ് കാർഷി ഉത്പ്പന്നങ്ങളും ഉപയോഗിച്ച് എഥനോൾ ഉൾപ്പടെയുള്ള മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുകയും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും കചയ്യും. പൊലറ്റ് പ്രൊജക്ട് എന്ന നിലയിൽ തിരുവനന്തപുരം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിൽ മരച്ചീനിയിൽ നിന്നും എഥനോളും മറ്റ് മൂല്യ വർധിത ഉത്പന്നങ്ങളും ഉത്പാദിപ്പിക്കാനുള്ള പദ്ധതിക്കായി രണ്ട് കോടി രൂപ മാറ്റിവച്ചു.

വാഹന വില

പുതുതായി വാങ്ങുന്ന മോട്ടോർ സൈക്കിളുകളുടെയും മോട്ടോർ കാറുകളുടെയും നികുതി വർധിക്കും. രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ രണ്ട് ശതമാനമാണ് വർധിപ്പിക്കുന്നത്. ഇതുവഴി 92 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഇതുവഴി 340 കോടിയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

പുതുതായി വാങ്ങുന്ന മോട്ടോർ കാറുകളുടെയും സ്വകാര്യ വാഹനങ്ങളുടെയും നിരക്കിൽ വരുന്ന മാറ്റം –

അഞ്ച് ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് -1 ശതമാനം വർധനവ്
5 മുതൽ 15 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് -രണ്ട് ശതമാനം വർധനവ്
15 മുതൽ 20 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് -1 ശതമാനം വർധനവ്
20 മുതൽ 30 വരെ- 1 ശതമാനം
30 ലക്ഷത്തിന് മുകളിൽ-1 ശതമാനം.


ഇതിന് പുറമെ വില കൂടുന്ന മറ്റ് കാര്യങ്ങൾ :

അപേക്ഷാ ഫീസ്, പെർമിറ്റ് ഫീസുകൾക്ക് ചെലവേറും. പണയാധാരങ്ങൾക്ക് 100 രൂപ നിരക്കിൽ സർ ചാർജ് ഏർപ്പെടുത്തും. സർക്കാർ സേവന ഫീസുകൾ കൂട്ടി. വാണിജ്യ വ്യവസായ ആവശ്യത്തിനുള്ള വൈദ്യുതി തീരുവ കൂട്ടി. ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തും. ഒന്നിലധികം വീടുള്ളവർക്ക് രണ്ടാം വീടിന് പ്രത്യേക നികുതി. മൈനിംഗ് ആൻഡ് ജിയോളജി റോയൽറ്റി തുക കൂടും.
പണി പൂർത്തിയാകാത്ത വീടുകൾക്കുള്ള പരിശോധനാ ഫീസും കൂട്ടി.

പൊതുജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റോ ..?

പെട്രോൾ, ഡീസൽ സെസായ രണ്ട് രൂപ പൊതുജനങ്ങളുടെ ഇടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന് സാമ്പത്തിക വിദഗ്ധൻ എസ് ആദുകേശവൻ പറഞ്ഞു. എന്നാൽ കെട്ടിട നികുതിയിലെ വർധന, ഭൂമിയുടെ ന്യായവില വർധിപ്പിക്കൽ എന്നിവയെല്ലാം കുറേ കാലമായി ചെയ്യാതിരുന്ന കാര്യങ്ങളാണ്. ഈ ബജറ്റിലെങ്കിലും ഇവ നടപ്പാക്കാൻ സാധിച്ചതിൽ ധനമന്ത്രിയെ അഭിനന്ദിക്കുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.

‘ധനക്കമ്മിയെ കുറിച്ചുള്ള നിർദേശം പാലിക്കുവാൻ വേണ്ടി ബജറ്റിന്റെ ചെലവ് വർധിപ്പിക്കാതെ നികുതി വരുമാനം കൂട്ടുവാനുള്ള ശ്രമങ്ങൾ നടത്തിയതിന്റെ ആകെ തുകയായിട്ട് വേണം ബജറ്റിനെ കാണുവാൻ. നികുതി വരുമാനം കൂട്ടുന്നതിന്റെ കൂടെ ചെലവ് ചുരുക്കാനുള്ള നടപടികൾ കൂടി ഉണ്ടായിരുന്നുവെങ്കിൽ ക്ഷേമ പെൻഷൻ പോലുള്ള സാമൂഹിക പദ്ധതികളുടെ തോത് കൂട്ടാമായിരുന്നു. അത് ക്ഷേമ പെൻഷൻ വാങ്ങുന്നവർക്ക് ഏറെ ഗുണകരമായേനെ’- ആദികേശവൻ പറഞ്ഞു.

kerala budget 2023 these items to cost more in kerala
Previous Post Next Post