പ്രത്യേക ആപ്പ്, ആവശ്യക്കാർക്ക് ഇതിലൂടെ മാത്രം ബന്ധപ്പെടാം; ഉള്ളിയുടെ മറവില്‍ നടന്നിരുന്നത് വൻ കടത്ത്, അറസ്റ്റ്



കോഴിക്കോട്: വൻ മയക്കുമരുന്ന് വ്യാപാരി കോഴിക്കോട് പിടിയിൽ. നല്ലളം സ്വദേശിയായ ലബൈക്ക് വീട്ടിൽ ജെയ്സലിനെയാണ് വിൽപനയ്ക്കായി കൊണ്ടുവന്ന 360 ഗ്രാം ഹാഷിഷ് ഓയിലുമായി പിടികൂടിയത്. കോഴിക്കോട് ടൗൺ അസിസ്റ്റന്‍റ് കമ്മീഷണർ പി ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ എൻ പ്രജീഷിന്‍റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
കസബ സബ്ബ് ഇൻസ്പെക്ടർ ജഗ്മോഹൻ ദത്തിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വീട്ടിൽ സൂക്ഷിച്ച മയക്കുമരുന്നിനെ കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ എംഡിഎംഎ ഉൾപ്പെടെ മാരകമായ ലഹരിമരുന്നാണ് പൊലീസ് കണ്ടെടുത്തത്. പത്ത് ലക്ഷം രൂപയോളം വിലവരുന്ന 256 ഗ്രാം എംഡിഎംഎയും 20 ലക്ഷം രൂപയോളം വിലവരുന്ന 434 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടിച്ചെടുത്തത്.

സിന്തറ്റിക് - സെമി സിന്തറ്റിക് മയക്കുമരുന്നുകൾ സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് വിൽപ്പന നടത്തിയിരുന്ന ജെയ്സൽ ആദ്യമായാണ് പൊലീസിന്‍റെ പിടിയിലാകുന്നത്. ആന്ധ്ര, മണാലി, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് എത്തിക്കുന്ന മയക്കുമരുന്നാണ് വിദ്യാർത്ഥികളിലേക്ക് ഒഴുക്കിവിട്ടിരുന്നത്. മയക്കുമരുന്ന് വിൽപനയിലൂടെ പണം സമ്പാദിക്കുന്നതിൽ സംശയം തോന്നാതിരിക്കാൻ കൂട്ടുകാരിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം കടമെടുക്കാറുള്ള പതിവും ജെയ്സലിന് ഉണ്ടായിരുന്നു.


മയക്കുമരുന്നിന്‍റെ ഉറവിടം തേടിയുള്ള അന്വേഷണത്തിന് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡിനെ ചുമതലപ്പെടുത്തി. ജില്ലാ പൊലീസ് മേധാവി രാജ്പാൽ മീണയുടെ നിർദ്ദേശപ്രകാരം നടന്ന പ്രത്യേക പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഉള്ളിയും പച്ചക്കറികളും കൊണ്ടുവരുന്നതിന്‍റെ മറവിലാണ് മയക്കുമരുന്ന് കടത്തിയിരുന്നത്. മണാലി, വിശാഖപട്ടണം എന്നിവിടങ്ങളിൽ നിന്നും ചുരുങ്ങിയ വിലയിൽ കടത്തിക്കൊണ്ടു വരുന്ന ഹാഷിഷ് ഓയിൽ ഗ്രാമിന് രണ്ടായിരം രൂപയ്ക്കാണ് വിൽപ്പന നടത്തിയിരുന്നത്. മണാലി ചരസ് എന്ന പേരിൽ വിപണിയിലിറങ്ങുന്ന ഹാഷിഷ് ഓയിൽ ചോദിക്കുന്ന വിലയ്ക്ക് എടുക്കാൻ ആവശ്യക്കാരുണ്ടെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

പ്രതിയിൽ നിന്നും ആകെ 794 ഗ്രാം ഹാഷിഷ് ഓയിലും 256 ഗ്രാം എംഡിഎംഎയുമാണ് പിടിച്ചെടുത്തത്. ഫോണിൽ പ്രത്യേക ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തശേഷം ആവശ്യക്കാർ അതുവഴി ആശയവിനിമയം നടത്തിയാണ് കോടികൾ വിപണിമൂല്യം വരുന്ന മയക്കുമരുന്ന് വിൽപ്പന നടത്തുന്നത്. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം ഷാലു, എ പ്രശാന്ത്കുമാർ, സി കെ സുജിത്ത്, കസബ സബ് ഇൻസ്പെക്ടർ രാംദാസ് സീനിയർ സിപിഒമാരായ പി എം രതീഷ്, വി കെ ഷറീനബി, അജയൻ, എൻ രജ്ഞുഷ്, മനോജ്, സുനിൽ കൈപ്പുറത്ത്, ശ്രീശാന്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

man arrested with mdma and hashish oil in kozhikode
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post