
ഫറോക്ക്:ചരിത്ര സാക്ഷിയായി നിലകൊള്ളുന്ന ഫറോക്ക് പഴയ പാലത്തിനു ബദൽ പുതിയൊരു പാലത്തിനു 55 കോടി രൂപയുടെ ഭരണാനുമതി. സേതുബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി സെൻട്രൽ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ(സിആർഐഎഫ്)കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഭരണാനുമതി ലഭ്യമാക്കിയതെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. ചാലിയാറിനു കുറുകെ പഴയ പാലത്തിനു സമാന്തരമായി നിലവിലെ പാലത്തിന്റെ കിഴക്കു ഭാഗത്തായി ആധുനിക രീതിയിൽ എക്സ്ട്രാഡോസ്ഡ് കേബിൾ രീതിയിലുള്ള പാലമാണ് നിർമിക്കുക. നദിയിലെ നീരൊഴുക്കിനും ജലഗതാഗതത്തിനും തടസ്സമില്ലാതെ 3 സ്പാനോടെ കൂടി 280 മീറ്റർ നീളത്തിലാണ് പാലത്തിന്റെ രൂപകൽപന.
15 മീറ്റർ വീതിയുണ്ടാകുന്ന പാലത്തിന് ഇരുഭാഗത്തും 150 മീറ്റർ വീതം അപ്രോച്ച് റോഡും നിർമിക്കും. കേബിൾ ചാൽ ഉൾപ്പെടെ പാലത്തിന്റെ ഇരു ഭാഗത്തും നടപ്പാതയും ഒരുക്കും. മരാമത്ത് ദേശീയപാത വിഭാഗത്തിനാണ് നിർമാണ ചുമതല. 18 മാസമാണ് നിർമാണ കാലാവധി തീരുമാനിച്ചിരിക്കുന്നത്. ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള ഇരുമ്പു പാലത്തിന്റെ ചരിത്ര–ടൂറിസം പ്രാധാന്യം കണക്കിലെടുത്ത് ഇതു നിലനിർത്തിയാണു ബദൽ പാലം നിർമിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ നടപടി ആവശ്യമായി വരില്ല എന്നതിനാൽ നിലവിലെ പാലത്തോടു ചേർന്നു വീതിയേറിയ പാലം പെട്ടെന്നു നിർമിക്കാൻ കഴിയുമെന്നാണു വിലയിരുത്തൽ. നടപടികൾ പൂർത്തീകരിച്ച് എത്രയും വേഗം പ്രവൃത്തി ആരംഭിക്കാൻ നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു.
പഴയപാലം നവീകരിക്കും
ഓടു വ്യവസായ നഗരമായ ഫറോക്കിൽ ബ്രിട്ടിഷ് ഭരണകാലത്ത് 1883ലാണ് ചാലിയാറിനു കുറുകെ കമാന ആകൃതിയിൽ ഇരുമ്പു പാലം നിർമിച്ചത്. ആദ്യകാലത്ത് ഇതുവഴിയായിരുന്നു ട്രെയിൻ ഗതാഗതം. 1924ൽ പുതിയ റെയിൽ പാലം പണിതതോടെ പഴയപാലം റോഡ് ഗതാഗതത്തിനു വിട്ടു നൽകി. വലിയ വാഹനങ്ങൾക്ക് ഒരേസമയം ഇരുവശങ്ങളിലേക്കും കടന്നു പോകാനുള്ള സൗകര്യമില്ല. അതുകൊണ്ടുതന്നെ ഗതാഗതക്കുരുക്ക് പതിവാണ്. കാലപ്പഴക്കവും കേടുപാടുകളും ഏൽപിച്ച തളർച്ച പഴയ പാലത്തെ വല്ലാതെ ബാധിച്ചിരുന്നു. ഇതോടെ ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള പാലം കഴിഞ്ഞ ഓഗസ്റ്റിൽ 90 ലക്ഷം രൂപ ചെലവിട്ടു നവീകരിച്ചിരുന്നു.
രണ്ടാംഘട്ട നവീകരണ പ്രവൃത്തികൾക്ക് 66.10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നിലവിലുള്ള നടപ്പാത പൊളിച്ചു കോൺക്രീറ്റ് ചെയ്ത് മുകളിൽ ടൈൽസ് പാകൽ, പാലത്തിന്റെ ഗർഡറിൽ മാലിന്യം തള്ളുന്നത് തടയാൻ സ്റ്റീൽ കവചം സ്ഥാപിക്കൽ, നടപ്പാതയിൽ സ്ഥാപിച്ചിരിക്കുന്ന കേബിളുകൾ പ്രത്യേക ബോക്സിലേക്ക് മാറ്റി സുരക്ഷിതമാക്കൽ എന്നിവയാണ് പദ്ധതി. നടപ്പാതയുടെ അടിവശം പെയിന്റ് ചെയ്യുന്നതിനും ഇരുമ്പു പാലത്തിന്റെ കേടായ ഭാഗങ്ങൾ മാറ്റി സ്ഥാപിക്കുന്നതിനും പാലത്തിൽ തെരുവു വിളക്കുകൾ ഘടിപ്പിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. സമാന്തര പാലം വരുന്നതോടെ നിലവിലുള്ള പാലത്തിലെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമാകുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു
Feroke bridge development

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.