തിരുവമ്പാടി:ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ അപകടമരണം പതിവായിട്ടും സുരക്ഷാ നടപടികൾ സ്വീകരിക്കാതെ അധികൃതർ. ഏതാനും വർഷത്തിനുള്ളിൽ ഇന്നലത്തെ 2 കുട്ടികളേത് ഉൾപ്പെടെ 27 പേരാണ് ഈ വെള്ളച്ചാട്ടത്തിൽ മുങ്ങി മരിച്ചത്. ആവശ്യത്തിന് ലൈഫ് ഗാർഡുകളെ നിയമിച്ചിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളും ഇല്ല.
വിശാലമായ പുഴത്തീരമുള്ള പ്രദേശമാണ് അരിപ്പാറ വെള്ളച്ചാട്ടം. കോടഞ്ചേരി-തിരുവമ്പാടി പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന ഇരുവഞ്ഞിപ്പുഴയിലെ അരിപ്പാറയിലേക്ക് സന്ദർശക പ്രവാഹമാണ്. 2 ലൈഫ് ഗാർഡുകൾ മാത്രമാണ് ഇവിടെയുള്ളത്. കോടഞ്ചേരി പഞ്ചായത്തിന്റെ ഭാഗത്ത് നിന്നു തൂക്കുപാലം കയറി അരിപ്പാറയിലേക്കു ധാരാളം സന്ദർശകർ എത്താറുണ്ട്. ഇവർക്ക് ടിക്കറ്റ് കൊടുക്കുകയും ആളുകളെ നിയന്ത്രിക്കുകയും അപകടത്തിൽ പെടുന്നവരെ രക്ഷിക്കുകയും ചെയ്യേണ്ടത് ഈ 2 ലൈഫ് ഗാർഡുമാർ തന്നെ.
അരിപ്പാറ വെള്ളച്ചാട്ടത്തിനു താഴെ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്ന കയങ്ങളിലേക്ക് ആളുകൾ പോകാതെ നിയന്ത്രിക്കേണ്ടതും ഇവരുടെ ചുമതലയാണ്.കോവിഡ് കാലത്തിനു മുൻപ് അവധി ദിവസങ്ങളിൽ പൊലീസിന്റെ എയ്ഡ് പോസ്റ്റ് ഇവിടെ പ്രവർത്തിച്ചിരുന്നു. എന്നാൽ സീസൺ ആരംഭിച്ചിട്ടും ഇത് പുനഃസ്ഥാപിച്ചിട്ടില്ല.
കൂടുതൽ ലൈഫ് ഗാർഡുകളെ നിയമിക്കുകയും പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുകയും വേണമെന്ന ആവശ്യം ശക്തമാണ്. അപകടം ഉണ്ടാകുമ്പോൾ അടിയന്തര രക്ഷാപ്രവർത്തനം നടത്താനുള്ള ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇല്ല. വിനോദ സഞ്ചാരികൾ പലരും അരിപ്പാറയിലെ കുഴികളുടെ ആഴം അറിയാതെയും ഒഴുക്കിന്റെ ശക്തി അറിയാതെയും പാറകളുടെ വഴുക്കൽ മനസ്സിലാക്കാതെയും മരണക്കയത്തിലേക്കു പോകുന്നത്.
arippara-danger-waterfall
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
waterfalls