കോഴിക്കോട്: താമരശ്ശേരിയിൽ ദമ്പതിമാരെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. ദമ്പതിമാരെ ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റിയ ശേഷം ഭാര്യയെ വഴിയിൽ ഇറക്കിവിട്ട് ഭർത്താവുമായി അക്രമി സംഘം കടന്നുകളഞ്ഞു. പരപ്പൻപൊയിൽ സ്വദേശി ഷാഫി, ഭാര്യ സെനിയ എന്നിവരെയാണ് ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ വഴിയിൽ വെച്ച് സെനിയയെ ഇറക്കിവിട്ടു. പിടിവലിക്കിടെ സെനിയക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ഷാഫിയെ കൊണ്ടുപോയ സംഘത്തെ കുറിച്ച് വിവരമില്ല. താമരശേരി പൊലീസ് അന്വേഷണം തുടങ്ങി.
ഇന്ന് രാത്രി പത്ത് മണിക്ക് ശേഷമാണ് സംഭവം നടന്നത്. ഷാഫിയുടെയും സെനിയോയുടെയും വീട്ടിലെത്തിയാണ് അക്രമി സംഘം ഇരുവരെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. അക്രമികൾ മുഖം മറച്ചിരുന്നുവെന്നാണ് സെനിയോ നൽകിയിരിക്കുന്ന മൊഴി. വിദേശത്ത് ബിസിനസുകാരനായിരുന്നു ഷാഫി. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ഷാഫിയെ തട്ടിക്കൊണ്ടുപോകാൻ കാരണമെന്നാണ് വിവരം. കാറിലെത്തിയ നാലംഗ സംഘമാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയത്.
'ശബ്ദം കേട്ട് ഞാൻ വീടിന് പുറത്തേക്ക് പോയി. അപ്പോൾ അവരെ (ഷാഫിയെ) നാല് പേർ ചേർന്ന് വലിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതാണ് കണ്ടത്. അന്നേരം ഞാനും അനിയന്റെ ഭാര്യയും ഉണ്ടായിരുന്നു. ഞങ്ങൾ തടയാൻ ശ്രമിച്ചു. അപ്പോൾ എന്നെയും പിടിച്ച് കാറിലേക്ക് കയറ്റി. പക്ഷെ കാറിന്റെ ഡോർ അടക്കാൻ പറ്റിയില്ല. കുറച്ച് ദൂരം പോയ ശേഷം എന്നെ ഇറക്കിവിട്ടു,'- സെനിയോ പറഞ്ഞു.
സെനിയോ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. വെള്ള സ്വിഫ്റ്റ് കാറിലാണ് അക്രമികൾ വന്നത്. ഇവർ തൂവാല കൊണ്ട് മുഖം മറച്ചിരുന്നുവെന്നാണ് സെനിയോ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. താമരശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
couple abducted from Kozhikode
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.