മെഡിക്കൽ കോളേജിലെ ഗതാഗതക്കുരുക്ക്: അനധികൃത പാർക്കിങ്ങിനും വഴിയോരക്കച്ചവടത്തിനും നിയന്ത്രണം



കോഴിക്കോട് : കാരന്തൂർ റോഡിൽ മെഡിക്കൽ കോളേജ് റൗണ്ട് മുതൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിവരെ ഇടതുവശത്ത് പാർക്കിങ്ങും വഴിയോരക്കച്ചവടവും അനുവദിക്കില്ലെന്ന് പോലീസ്. മെഡിക്കൽ കോളേജ് റോഡിലെയും ജങ്‌ഷനുകളിലെയും ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പോലീസ് സ്റ്റേഷനിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ട്രാഫിക് നോർത്ത് അസിസ്റ്റൻറ് കമ്മിഷണർ എം.ഡി. സുനിലിന്റെ നേതൃത്വത്തിൽ വിവിധവകുപ്പുകളിലെ ജീവനക്കാർ, തൊഴിലാളി യൂണിയൻ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ എം.എൽ. ബെന്നി ലാലു അധ്യക്ഷനായി.
തീരുമാനങ്ങൾ

വേണാട് ഹോട്ടലിനു സമീപത്ത് മെഡിക്കൽ ഷോപ്പുകളുടെ മുൻവശത്ത് സ്ഥിരമായി പാർക്കിങ്‌ അനുവദിക്കില്ല

രാത്രികാലങ്ങളിൽ തട്ടുകടക്കാർ റൗണ്ടിനെ കേന്ദ്രീകരിച്ച് ഗതാഗതതടസ്സം സൃഷ്ടിക്കുന്നതരത്തിൽ നടത്തുന്ന കച്ചവടം സമയപരിധി നിശ്ചയിച്ച് നിർത്തുക, തുടർന്ന് കുറ്റിക്കാട്ടൂർ റോഡിന്റെ ഭാഗത്തേക്ക് മാറ്റുക

സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്കുസമീപം കാരന്തൂർ റോഡരികിൽ ആംബുലൻസ്, ഒാട്ടോ, ടാക്സി എന്നിവ പ്രത്യേകം പാർക്കിങ്‌ സ്ഥലം മാർക്ക് ചെയ്തിടത്ത് മാത്രം നിർത്തുക

മെഡിക്കൽ കോളേജിലെ പ്രധാന കവാടമായ ജൂബിലി കവാടത്തിനുസമീപം ബസുകൾ നിർത്തുന്നത് മാതൃശിശുസംരക്ഷണ കേന്ദ്രത്തിന് മുന്നിലേക്ക് മാറ്റി. സൂപ്പർ സ്പെഷ്യാലിറ്റി കഴിഞ്ഞുള്ള നെഞ്ചുരോഗാശുപത്രിക്ക് സമീപത്തെ കള്ളിച്ചുവട് ഭാഗത്ത് ബസ്‌സ്റ്റോപ്പിനുശേഷം മെഡിക്കൽ കോളേജിനടുത്തുള്ള സ്റ്റോപ്പിലാണ് അടുത്ത ബസ് സ്റ്റോപ്പ്.


ഓട്ടോക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തും.

അത്യാഹിത വിഭാഗത്തിലേക്ക് നിലവിൽ കാരന്തൂർ റോഡിലൂടെ മാത്രമാണ് വാഹനങ്ങൾ അനുവദിക്കുന്നത്. ജൂബിലി ഗേറ്റിലൂടെ കടന്ന് അത്യാഹിത വിഭാഗത്തിലേക്ക് രാത്രി കാലങ്ങളിലോ നിശ്ചിത സമയത്തോ പ്രവേശിക്കാൻ അനുമതി നൽകാൻ ആശുപത്രി വികസന സൊസൈറ്റിയുമായി ബന്ധപ്പെട്ട് നടപടി ആലോചിക്കും. ഇവിടെ നിലവിലുള്ള ഗേറ്റ് അടച്ചിരിക്കുകയാണ്. കാരന്തൂർ റോഡിലെ ബ്ലോക്ക് കുറയ്ക്കാനും ഇതുപകരിക്കുമെന്ന് യോഗം വിലയിരുത്തി.

മെഡിക്കൽ കോളേജിനകത്തെ പാർക്കിങ്‌ സ്ഥലങ്ങൾ മാർക്ക് ചെയ്ത് പരമാവധി ഉപയോഗപ്പെടുത്തുക. ഈ ഭാഗങ്ങളിൽ സി.സി.ടി.വി. നിരീക്ഷണം ഏർപ്പെടുത്തും.

Traffic Congestion in Medical College: Control of illegal parking and street vending

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post