നിയന്ത്രണങ്ങൾ കടലാസിലൊതുങ്ങുന്നുവോ പതങ്കയത്ത് കുളിക്കാരുടെ തിരക്ക്



കോടഞ്ചേരി : ‘2018’ എന്ന പേരിൽ അടുത്തിടെ പുറത്തിറങ്ങിയ സിനിമയിൽ സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിക്കവേ സിനിമയിലെ നായക കഥാപാത്രത്തിന്റെ കാൽ കല്ലുകൾക്കിടയിൽ കുടുങ്ങി നീന്താൻ സാധിക്കാതെ മരണപ്പെടുന്ന സന്ദർഭമുണ്ട്‌. ഇത്‌ കാണുമ്പോൾ കല്ലിടുക്കുകൾ നിറഞ്ഞ പതങ്കയം ഭാഗവും അവിടെയുണ്ടായ അപകടമരണങ്ങളും ചിലരുടെയെങ്കിലും ഓർമയിൽ എത്തും. നീന്തൽവശമുള്ളവർക്കുകൂടി രക്ഷപ്പെടാൻ സാധിക്കാത്ത കല്ലിടുക്കുകളുള്ളതാണ് ഇരുവഞ്ഞിപ്പുഴയിലെ പല കയങ്ങളും. ഇതിനകം 20 പേരുടെ ജീവൻ പൊലിഞ്ഞ പതങ്കയത്ത് മുന്നറിയിപ്പുകൾ അവഗണിച്ച് കുളിക്കാരുടെ തിരക്കാണിപ്പോൾ.
ശനിയാഴ്ച രാവിലെ പഞ്ചായത്തിന്റെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുമ്പോഴും അപകടങ്ങൾ തുടർക്കഥയായ പതങ്കയത്ത് അമ്പതിലേറെ വിനോദസഞ്ചാരികൾ കയത്തിലും പുഴയുടെ ആഴംകുറഞ്ഞ ഭാഗങ്ങളിലും കുളിക്കുന്നുണ്ടായിരുന്നു. ന്യൂനമർദത്തെത്തുടർന്ന് കനത്തമഴ പെയ്യുന്ന ഈ ദിവസങ്ങളിൽ മഴവെള്ളപ്പാച്ചിലിനും സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിലാണ് കോടഞ്ചേരി പോലീസിന്റെയും നാട്ടുകാരുടെയും നിർദേശങ്ങളും സ്നേഹോപദേശങ്ങളും വകവെക്കാതെയുള്ള അപകടക്കയത്തിലെ കുളി. പോലീസ് എത്തുമ്പോൾ മാറിക്കളയുന്ന വിനോദസഞ്ചാരികൾ ഊടുവഴികളിലൂടെ കയത്തിലേക്ക് വീണ്ടും എത്തിച്ചേരും. ആഴംകുറഞ്ഞ ഭാഗങ്ങളിൽ നീന്തിത്തുടിക്കുന്നവർ ആഴക്കയത്തിലേക്ക് എത്തുമ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നവർക്കും കാര്യമായി ഒന്നും ചെയ്യാനാകില്ല.

വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിക്കാത്ത ഇവിടെ സുരക്ഷാക്രമീകരണങ്ങളൊന്നുംതന്നെയില്ലതാനും. സുരക്ഷാഗാർഡുകളുമില്ല. ‘ഉല്ലാസമൂഡി’ലെത്തുന്ന സഞ്ചാരിക്കൂട്ടം കാട്ടിക്കൂട്ടുന്ന വികൃതികൾ നാട്ടുകാർക്കും ശല്യമായിരിക്കുകയാണ്. മോഷണവും കുറവല്ല. കഴിഞ്ഞദിവസം കുളിക്കാനിറങ്ങിയവരുടെ ഏതാനും മൊബൈൽഫോണുകൾ മോഷ്ടിക്കപ്പെട്ടു. പ്രദേശത്തെ പഴുത്ത കൊക്കോ കായ്കളും കരിക്കും മോഷ്ടിക്കുന്നെന്നും പരാതിയുണ്ട്. പുഴയിലേക്ക് വലിച്ചെറിഞ്ഞു പൊട്ടിക്കുന്ന മദ്യക്കുപ്പികൾ പുഴയിലിറങ്ങുന്നവർക്ക് ഭീഷണിയാണ്. പ്ലാസ്റ്റിക് മാലിന്യവും കുറവല്ല. പതങ്കയത്ത് സുരക്ഷാഗൈഡുകളെയും ഗാർഡുമാരെയും നിയമിക്കണമെന്ന് ആവശ്യമുയരുന്നു.

If the regulations are limited to paper

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post