കോഴിക്കോട്∙ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസിന് മാര്‍ഗതടസം സൃഷ്ടിച്ച് സ്വകാര്യ കാർ. ബാലുശേരി താലൂക്ക് ആശുപത്രിയിൽനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോവുകയായിരുന്ന ആംബുലൻസിനാണ് കാർ കിലോമീറ്ററുകളോളം മാർഗ തടസ്സം ഉണ്ടാക്കിയത്. കണ്ണാടിപ്പൊയിൽ സ്വദേശിയായ രോഗിയുമായി പോവുകയായിരുന്നു താലൂക്ക് ആശുപത്രിയിലെ ആംബുലൻസ്. രക്ത സമ്മർദം കുറഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു രോഗി. ഹോൺ മുഴക്കിയിട്ടും കാർ റോഡിന്റെ നടുവിൽനിന്ന് മാറ്റിയില്ല.
ചേളന്നൂർ 7/6 മുതൽ കക്കോടി ബൈപാസ് വരെയാണ് കാർ പ്രയാസം സൃഷ്ടിച്ചത്. സൈറൺ മുഴക്കി ഓടുന്ന ആംബുലൻസ് നിരന്തരം ഹോൺ മുഴക്കി, ഇടയ്ക്ക് ബ്രേക്കിടുകയും ചെയ്തതായി ആംബുലൻസിൽ ഉണ്ടായിരുന്നവർ പറഞ്ഞു. കാർ തുടർച്ചയായി ബ്രേക്കിട്ടതോടെ രോഗിയുടെ ബന്ധുക്കൾ ആംബുലൻസിനുള്ളിൽ തെറിച്ചു വീഴുന്ന സാഹചര്യവും ഉണ്ടായി. വൺവേ ആയ കക്കോടി ബൈപാസിൽ വച്ചാണ് ഒടുവിൽ ആംബുലൻസിനു കാറിനെ മറികടക്കാനായത്.
കാർ കാരണം വിലപ്പെട്ട കുറേയേറെ സമയം നഷ്ടമായെന്നു രോഗിയുടെ ബന്ധുക്കൾ പറഞ്ഞു. നിരന്തരം പ്രയാസം സൃഷ്ടിച്ചതോടെ ആംബുലൻസിനുള്ളിൽ ഉണ്ടായിരുന്നവർ കാറിന്റെ വിഡിയോ പകർത്തി. നടപടി ആവശ്യപ്പെട്ട് കാറിന്റെ ദൃശ്യങ്ങൾ സഹിതം രോഗിയുടെ ബന്ധുക്കൾ പൊലീസിലും നന്മണ്ട എസ്ആർടിഒ അധികൃതർക്കും പരാതി നൽകി.
The car blocked the journey of the ambulance for several kilometers
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.