പേരാമ്പ്ര∙ വ്യാപാര സ്ഥാപനങ്ങളിൽ സാധനങ്ങൾ വിതരണം ചെയ്യാനെന്ന വ്യാജേന എത്തി പണം തട്ടിയെടുത്തതായി പരാതി. കഴിഞ്ഞ ദിവസം രാവിലെ പേരാമ്പ്ര ടാക്സി സ്റ്റാൻഡിനു മുൻവശത്തെ ജൂവൽ ഫാൻസി ഷോപ്പിൽ എത്തിയ, 55 നു മുകളിൽ പ്രായം തോന്നിക്കുന്ന ആളാണ് നോട്ട് ബുക്കുകൾ നൽകാമെന്നു പറഞ്ഞ് പണവുമായി കടന്നു കളഞ്ഞത്.
Read also: കോഴിക്കോട് നഗരത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആളെ കണ്ടെത്തി: പിന്നിൽ 7 അംഗ സംഘമെന്ന് പൊലീസ്
താൻ പ്രമുഖ കമ്പനിയുടെ നോട്ട് ബുക്കിന്റെ വിതരണക്കാരനാണെന്നും ബാബു എന്നയാൾ പറഞ്ഞതനുസരിച്ചാണു വന്നതെന്നും ഇയാൾ അറിയിച്ചു. യുവതിയായ കടയുടമ മാത്രമേ ഈ സമയം ഉണ്ടായിരുന്നുള്ളൂ. നോട്ട് ബുക്കിനു ഓർഡർ നൽകുകയും അഡ്വാൻസായി 500 രൂപ നൽകുകയും ചെയ്തു. വാഹനത്തിൽ നിന്നു ബുക്കുകൾ എടുത്ത് വരാമെന്ന് അറിയിച്ച ആൾ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ കടയുടമ അന്വേഷിച്ചപ്പോഴേക്കും ആൾ മുങ്ങിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഇയാൾ ഇതേ രീതിയിൽ മറ്റു കടകളിലും തട്ടിപ്പ് നടത്തിയതായി അറിയാൻ കഴിഞ്ഞു. സമീപത്തെ മറ്റൊരു ബുക്ക് സ്റ്റാളിലും ഇയാൾ എത്തിയിരുന്നു. കഴിഞ്ഞ ദിവസം പൈതോത്ത് റോഡിലെ ഒരു ഷോപ്പിൽ മിഠായിക്ക് ഓർഡർ എടുത്ത് അഡ്വാൻസായി 500 രൂപയും വാങ്ങി ഇതേപോല മുങ്ങിയ സംഭവവുമുണ്ട്. ഇയാളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ സഹിതം പേരാമ്പ്ര പൊലീസിൽ പരാതി നൽകി. വ്യാപാരികൾ ജാഗ്രത പാലിക്കണമെന്ന് പൊലീസും വ്യാപാരി നേതാക്കളും അറിയിച്ചു.
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Crime