ട്രാഫിക് പരിഷ്കാരം: താൽക്കാലിക ഡിവൈഡറുകൾ ഒരുക്കി



രാമനാട്ടുകര:നഗരത്തിൽ അപകടങ്ങളും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ ട്രാഫിക് പരിഷ്കാരം നടപ്പാക്കി. അപകട മേഖലയായ പാർക്ക് ജംക്‌ഷനിലും എയർപോർട്ട് റോഡിലും താൽക്കാലിക ഡിവൈഡർ ഒരുക്കി. യൂണിവേഴ്സിറ്റി റോഡും എയർപോർട്ട് റോഡും സംഗമിക്കുന്ന ജംക്‌ഷനിൽ അപകടം പതിവായതോടെയാണ് ട്രാഫിക് പൊലീസിന്റെ ഇടപെടൽ. എയർപോർട്ട് റോഡിൽ എത്തുന്ന വാഹനങ്ങൾ അതിവേഗത്തിൽ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനു നിയന്ത്രണമായി. 
പുതിയ പരീക്ഷണം 2 ആഴ്ച നിരീക്ഷിച്ച ശേഷം വിജയകരമായാൽ ജംക്‌ഷനിൽ സ്ഥിരം ഡിവൈഡർ നിർമിക്കാനാണു ലക്ഷ്യം. കോഴിക്കോട് നിന്നു വരുന്ന വാഹനങ്ങൾ തൃശൂർ ഭാഗത്തേക്കു പോകാൻ ജംക്‌ഷനിൽ നിന്നു തിരിയുമ്പോൾ എയർപോർട്ട് റോഡിൽ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം പതിവായിരുന്നു. ദിവസവും അപകടമുണ്ടാകുന്ന അവസ്ഥ വന്നതോടെയാണ് താൽക്കാലിക ഡിവൈഡർ ഒരുക്കിയത്. പാർക്കിൽ ജംക്‌ഷനിൽ വാഹനങ്ങൾ ചുറ്റിക്കറങ്ങി പോകുന്നതിന് ട്രാഫിക് ഐലൻഡ് നിർമിക്കണമെന്ന നിർദേശം ഉയർന്നിട്ടുണ്ട്. ഇക്കാര്യം ട്രാഫിക്–ദേശീയപാത അധികൃതർ പരിഗണനയിലാണ്.

നഗരത്തിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനപ്രകാരമുള്ള മാറ്റങ്ങൾ ഒന്നും തന്നെ നടപ്പാക്കാനായില്ല. ഗതാഗത ക്രമീകരണത്തിന് ആവശ്യമായ പാർക്കിങ്, നോ പാർക്കിങ് ബോർഡുകൾ ഇന്നലെയും നഗരസഭ സ്ഥാപിച്ചിട്ടില്ല. ഓട്ടോ പാർക്കിങ് സംബന്ധിച്ച് എതിർപ്പ് ഉയർന്നതും തടസ്സമായി. 


8നു രാവിലെ 10നു നഗരസഭയിൽ വിപുലമായ യോഗം ചേർന്നാകും വാഹന പാർക്കിങ് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുകയെന്ന് അധികൃതർ അറിയിച്ചു. ട്രാഫിക് അസി.കമ്മിഷണർ എ.ജെ.ജോൺസൺ, നഗരസഭ ഉപാധ്യക്ഷൻ കെ.സുരേഷ്, സ്ഥിരം സമിതി അധ്യക്ഷൻ പി.കെ.അബ്ദുൽ ലത്തീഫ്, എയ്ഡ് പോസ്റ്റ് എസ്ഐ എം.രാജശേഖരൻ, ഫറോക്ക് എസ്ഐ ടി.പി.ബാവ രഞ്ജിത്ത്, ട്രാഫിക് എസ്ഐമാരായ എം.മുഹമ്മദ് അഷറഫ്, കെ.അനീഷ്, പി.മനോജ്, എഎസ്ഐ പി.സി.നാസർ, കൗൺസിലർമാരായ കെ.ജെയ്സൽ, കെ.സലീം, അൻവർ സാദിഖ് പൂവഞ്ചേരി എന്നിവർ പങ്കെടുത്തു.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post