ഇന്നോവയിലെത്തി, പട്ടാപ്പകല്‍ ബസ് തടഞ്ഞ് കൊടുവള്ളി സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഭവം: 2 പേര്‍ കൂടി പിടിയില്‍



കല്‍പ്പറ്റ: നഗരത്തില്‍ നിന്നും പട്ടാപ്പകല്‍ കോഴിക്കോട് കൊടുവള്ളി സ്വദേശിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയെന്ന കേസില്‍ രണ്ട് പേരെകൂടി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പിണറായി പുത്തന്‍കണ്ടം സ്വദേശികളായ പ്രണുബാബു എന്ന കുട്ടു (36), ശ്രീനിലയം വീട്ടില്‍ ശരത്ത് അന്തോളി (34) എന്നിവരെയാണ് ഗുരുവായൂര്‍ പൊലീസിന്റെ സഹായത്തോടെ വയനാട്ടില്‍ നിന്നുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ ബസിലും കാറിലുമായി പിന്തുടര്‍ന്നെത്തിയ സംഘം തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നതിന് ശേഷം വഴിയിലുപേക്ഷിച്ച സംഭവത്തിലാണ് നടപടി.
വയനാട് ജില്ലാ പൊലീസ് മേധാവി ആര്‍. ആനന്ദിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് കല്‍പ്പറ്റ എ.എസ്.പി തപോഷ് ബസുമതാരിയുടെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി ഊര്‍ജ്ജിതമായ അന്വേഷണം നടത്തി വരികയായിരുന്നു. കേസില്‍ പുത്തന്‍കണ്ടം സ്വദേശികളായ ദേവദാസ്, നിധിന്‍ എന്നിവരെ നേരത്തെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ പ്രണുബാബു കൊലപാതക കേസുകളില്‍ അടക്കം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ശരത് അന്തോളിയുടെ പേരിലും കൊലപാതകം അടക്കം നിരവധി കേസുകള്‍ ഉണ്ട്. കല്‍പ്പറ്റ എസ്.ഐ. ബിജു ആന്റണി, തലപ്പുഴ എ.എസ്.ഐ ബിജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ മാസങ്ങളായി പിന്തുടര്‍ന്നാണ് കഴിഞ്ഞ രാത്രി ഗുരുവായൂരില്‍ നിന്ന് പിടികൂടിയത്.

കഴിഞ്ഞ ജനുവരി 28നാണ് സംഭവം. യുവാവിനെ കയറ്റിക്കൊണ്ടുപോയ കാര്‍ പിന്നീട് ബസിലും ക്രെയിനിലുമിടിച്ച് അപകടവുമുണ്ടാക്കി. കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്റിലായിരുന്നു സംഭവം നടന്നത്. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ അബൂബക്കറിനെയാണ് ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. കൊടുവള്ളിയില്‍ നിന്നും കെ.എസ്. ആര്‍.ടി.സി ബസില്‍ കല്‍പ്പറ്റ സ്റ്റാന്റിലിറങ്ങിയ ഉടന്‍ ബസിലെ യാത്രക്കാരനായിരുന്ന മറ്റൊരാളും ഇന്നോവ കാറിലെത്തിയ മൂന്ന് പേരും ചേര്‍ന്ന് വലിച്ച് വണ്ടിയില്‍ കയറ്റി കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് അക്രമികൾ തന്റെ കൈവശമുണ്ടായിരുന്ന നാല് ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ശേഷം വെങ്ങപ്പള്ളി എന്ന സ്ഥലത്ത് ഇറക്കിവിടുകയായിരുന്നുവെന്നും അബൂബക്കര്‍ പിന്നീട് പൊലീസില്‍ നല്‍കിയിരുന്നു.

two youth arrested in wayanad pulpally kidnapping case

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post