റീ കാർപറ്റിങ് പൂർത്തിയാക്കിയ റൺവേയിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങളുംകരിപ്പൂർ:റീ കാർപറ്റിങ് പൂർത്തിയായതോടെ കരുത്താർജിച്ച റൺവേയിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങളും. മഞ്ഞും മഴയും ഉൾപ്പെടെ പ്രതികൂല കാലാവസ്ഥയിൽ പൈലറ്റിനു റൺവേയുടെ കാഴ്ച വർധിപ്പിക്കാൻ സെന്റർലൈൻ ലൈറ്റ്, ടച്ച് ഡൗൺ സോൺ ലൈറ്റ് എന്നിവ സ്ഥാപിക്കൽ പൂർത്തിയായി.2860 മീറ്റർ റൺവേയാണു റീ കാർപറ്റിങ് നടത്തി ബലപ്പെടുത്തിയത്. 

റൺവേയുടെ മധ്യത്തിലൂടെ നേർരേഖയായി കടന്നുപോകുന്ന റൺവേ സെന്റലൈൻ ലൈറ്റുകൾ ഘടിപ്പിച്ച റൺവേ രാജ്യത്തുതന്നെ അപൂർവമാണ്. കേരളത്തിൽ കരിപ്പൂരിനു പുറമേ, കൊച്ചിയിൽ മാത്രമാണ് സെൻട്രൽലൈൻ ലൈറ്റുകളുള്ളത്. കൊറിയയിൽനിന്ന് ഇറക്കുമതി ചെയ്തതാണു ലൈറ്റുകൾ. ലാൻഡിങ് കൃത്യതയുള്ളതാക്കാൻ പുതിയ ടച്ച് ഡൗൺ സോൺലൈറ്റുകളും സ്ഥാപിച്ചു. റൺവേ റീ കാർപറ്റിങ് ജോലിക്കിടെ 2 മാസംകൊണ്ടാണ് ലൈറ്റുകൾ ഘടിപ്പിക്കൽ പൂർത്തിയാക്കിയത്.
2020 ഓഗസ്റ്റ് ഏഴിനുണ്ടായ വിമാന അപകടത്തെത്തുടർന്നു തകർന്ന ഐഎൽഎസ് (ഇൻസ്ട്രുമെന്റൽ ലാൻഡിങ് സിസ്റ്റം) നേരത്തേ മാറ്റിസ്ഥാപിച്ചിരുന്നു. ടേബിൾ ടോപ് റൺവേ ആണെങ്കിലും ഐഎൽഎസ് കാറ്റഗറി ഒന്നിൽപെടുന്ന കോഴിക്കോട് വിമാനത്താവളത്തിന് ഈ രണ്ടു ലൈറ്റ് സംവിധാനവും നിർബന്ധമല്ല. എങ്കിലും കൂടുതൽ സുരക്ഷയുടെ ഭാഗമായാണ് സംവിധാനങ്ങൾ ഒരുക്കിയത്.

റൺവേയിൽ വിമാനയാത്ര സുരക്ഷിതമാക്കുന്നതിനൊപ്പം റൺവേയിൽനിന്നു വിമാനം തെന്നിയാൽ അപകടം ഒഴിവാക്കാൻ വശങ്ങളിൽ മണ്ണിട്ട് നിരപ്പാക്കൽ ജോലിയും പുരോഗമിക്കുന്നുണ്ട്. റൺവേ പ്രതലത്തോടൊപ്പമാണു വശങ്ങൾ ഉയർത്തുന്നത്. ഈ ജോലിക്ക് നേരത്തേ മണ്ണു ലഭിക്കാത്ത സാങ്കേതിക തടസ്സമുണ്ടായിരുന്നു. ആ പ്രതിസന്ധിയും കഴിഞ്ഞ ദിവസത്തോടെ നീങ്ങി.


ലൈറ്റുകൾ എന്തിന്

രാത്രിയിലും മഞ്ഞ്, മഴ പോലുള്ള പ്രതികൂല കാലാവസ്ഥയിലും റൺവേ കൃത്യതയോടെ കാണാനാകുകയാണു ലക്ഷ്യം. കാറ്റഗറി ഒന്നിൽപെടുന്ന ശേഷി കൂടുതലുള്ള ഐഎൽഎസ് (ഇൻസ്ട്രുമെന്റൽ ലാൻഡിങ് സിസ്റ്റം) ആണു കരിപ്പൂരിലേത്. അതിനാൽ റൺവേയിൽനിന്ന് 200 അടി വ്യത്യാസം വരെ വിമാനത്തിന് ലാൻഡിങ്ങിന് എത്താനാകും. എന്നാൽ, അതുകഴിഞ്ഞാൽ റൺവേയുടെ മധ്യരേഖയും ലാൻഡിങ് നടത്തേണ്ട ഭാഗവും കാണാനാണ് ഈ രണ്ടു സംവിധാനവും. ഓരോ 60 മീറ്റർ വ്യത്യാസത്തിലും മധ്യത്തിലൂടെ സെന്റർലൈൻ ലൈറ്റുകളുണ്ട്. റൺവേയുടെ രണ്ടറ്റങ്ങളിൽനിന്നും കാലാവസ്ഥ അനുസരിച്ച് ലാൻഡിങ് ഉണ്ടാകാറുണ്ട്. 

രണ്ടറ്റങ്ങളിലും തുടക്കം മുതൽ 900 മീറ്റർ വരെയാണ് ടച്ച് ഡൗൺ സോൺ ലൈറ്റുകൾ ഉള്ളത്. വിമാനം ലാൻഡിങ് നടത്തേണ്ട ഭാഗം കൃത്യമായി മനസ്സിലാകാനാണിത്. ഓരോ അറ്റത്തും ലാൻഡിങ് ഭാഗം മനസ്സിലാക്കാൻ, ഓരോന്നു വീതം സിംപിൾ ടച്ച് ലൈറ്റ് മാത്രമാണ് നേരത്തേ റൺവേയിൽ ഉണ്ടായിരുന്നത്.

Re-carpeting and more safety systems on the Karipur Airport runway

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post