കരിപ്പൂർ:ഹജ്ജ് തീർഥാടനത്തിനു നേരത്തേ നിശ്ചയിച്ച ക്വോട്ടയ്ക്കു പുറമേ, കേരളത്തിലെ കാത്തിരിപ്പു പട്ടികയിൽനിന്ന് അവസരം ലഭിച്ചവരുടെ യാത്രയ്ക്ക് അധിക വിമാനം അനുവദിക്കും. അപേക്ഷിച്ച എംബാർക്കേഷൻ കേന്ദ്രത്തിൽനിന്നുതന്നെ യാത്രയ്ക്കുള്ള ക്രമീകരണങ്ങൾ കേന്ദ്ര ഹജ്ജ് കമ്മിറ്റി സ്വീകരിച്ചുതുടങ്ങി. എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്ന കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് 5 വിമാനവും കണ്ണൂരിൽനിന്ന് ഒരു വിമാനവുമാണ് അധികമായി ആലോചിക്കുന്നത്.
നിലവിൽ അവസരം ലഭിച്ചവരിൽ കൊച്ചിയിൽനിന്ന് 31 പേർക്കാണ് സീറ്റില്ലാത്തത്. അവരെ കൊച്ചിയിൽനിന്നുതന്നെ കൊണ്ടുപോകുന്നതിനാണു ശ്രമം. ചാർട്ടേഡ് വിമാനത്തിൽ കൊണ്ടുപോകാനായില്ലെങ്കിൽ പതിവ് യാത്രാ വിമാനത്തിൽ യാത്രയ്ക്ക് സൗകര്യമൊരുക്കും. ഈ മാസം 22നുള്ളിലായിരിക്കും സർവീസുകൾ. എന്നാൽ, ഷെഡ്യൂൾ സംബന്ധിച്ച അന്തിമ തീരുമാനമായിട്ടില്ല.അധിക വിമാനങ്ങളുടെ ഔദ്യോഗിക അറിയിപ്പ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയിൽനിന്ന് അടുത്ത ദിവസം ലഭ്യമായേക്കും.
നിലവിൽ 11,287 പേർക്കാണ് കേരളത്തിൽനിന്ന് അവസരം. 10,684 പേർക്കുള്ള വിമാന സീറ്റുകളാണ് കോഴിക്കോട്, കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങളിൽനിന്നായി നിലവിലുള്ളത്. കൂടുതലായി അവസരം ലഭിക്കുന്നവർക്ക് അവർ അപേക്ഷിച്ച വിമാനത്താവളത്തിൽനിന്നുതന്നെ ഹജ്ജ് യാത്ര സാധ്യമാക്കാൻ അധിക വിമാന സർവീസ് ലഭ്യമാക്കണമെന്നു സംസ്ഥാന ഹജ്ജ് കമ്മിറ്റി നേരത്തേ കേന്ദ്ര ഹജ്ജ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.
ഒരാഴ്ച; മക്കയിൽ എത്തിയത് 4276 പേർ
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് യാത്ര ഒരാഴ്ച പിന്നിടുമ്പോൾ 24 വിമാനങ്ങളിലായി 4,276 പേർ മക്കയിലെത്തി. 1454 പുരുഷന്മാരും 2822 സ്ത്രീകളും. കരിപ്പൂരിൽ നിന്ന് 17, കണ്ണൂരിൽ നിന്ന് 4, കൊച്ചിയിൽ നിന്ന് 3 വീതം വിമാനങ്ങളാണ് ഇന്നലെവരെ സർവീസ് നടത്തിയത്.അവസരം ലഭിച്ചവരിൽ ശേഷിക്കുന്ന 7011 തീർഥാടകരിൽ 4571 പേർ കരിപ്പൂർ, 1398 പേർ കണ്ണൂർ, 1042 പേർ കൊച്ചി വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യാനുള്ളവരാണ്.കരിപ്പൂരിൽ നിന്ന് ഇന്നു രാവിലെ ഒൻപതിനും വൈകിട്ട് 6.35നും ഹജ്ജ് വിമാനങ്ങൾ പുറപ്പെടും.
Hajj; Additional flights at Karipur and Kannur
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.