ആടിയും പാടിയും കെ.എസ്.ആർ.ടി.സി ബസിൽ ആഘോഷമാക്കിയത് മുന്നൂറ് യാത്രകൾ



താമരശ്ശേരി:ഒന്നല്ല, രണ്ടല്ല, ആടിയും പാടിയും കെ.എസ്.ആർ.ടി.സി ബസിൽ ആഘോഷമാക്കിയത് മുന്നൂറ് യാത്രകൾ. കുഞ്ഞുകുട്ടികൾ മുതൽ പ്രായമായവർ വരെ നീളും യാത്രക്കെത്തിയ വിനോദസഞ്ചാരികൾ. വയനാടും വയലടയും മൂന്നാറും മലക്കപ്പാറയും ഉൾപ്പെടെയുള്ള സ്ഥലങ്ങളെ യാത്രികർ നെഞ്ചോട് ചേർത്തപ്പോൾ കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ യാത്രകളെല്ലാം വൻ വിജയമായി. 

2022 ഡിസംബർ 23-ന് താമരശ്ശേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നാണ് കോഴിക്കോട് ജില്ലയിലെ ബജറ്റ് ടൂറിസം സെല്ലിന്റെ ആദ്യ യാത്ര ആരംഭിക്കുന്നത്. തുഷാരഗിരി, വയനാട്, വനപർവ്വം എന്നീ സ്ഥലങ്ങളിലേക്കായിരുന്നു ആദ്യ യാത്ര. പിന്നീട് നെല്ലിയാംമ്പതി, മൂന്നാർ, മലക്കപ്പാറ, വാഗമൺ, കുമരകം, സെെലന്റ് വാലി, ആഡംബര കപ്പൽ യാത്ര എന്നിവിടങ്ങളിലേക്കെല്ലാം വിനോദ സഞ്ചാരികളുമായി കെ.എസ്.ആർ.ടി.സി ബസ് കുതിച്ചു. 
സ്കൂൾ വിദ്യാർത്ഥികൾ, വനിതകൾ, ഭിന്നശേഷിക്കാർ, എയ്ഡ്സ് രോഗികൾ എന്നിവർക്കായി പ്രത്യേക ട്രിപ്പുകളാണ് ബജറ്റ് ടൂറിസം സെൽ ഒരുക്കിയത്. ഭിന്നശേഷിക്കാരുമായി മൂന്ന് യാത്രകൾ ഇതിനോടകം പോയി കഴിഞ്ഞു. വീട്ടിലൊതുങ്ങിയിരുന്നവരെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലും കപ്പലുകളിലുമൊക്കെ കൊണ്ടുപോകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ബജറ്റ് ടൂറിസം സെൽ അധികൃതർ.

വനിതാ വാരാഘോഷത്തിന്റെ ഭാഗമായി ഏറ്റവും കൂടുതൽ ട്രിപ്പുകൾ നടത്തി സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയതും താമരശ്ശേരി യൂണിറ്റാണ്. താമരശ്ശേരി ഡിപ്പോയിൽ നിന്ന് മാത്രം 168 യാത്രകളാണ് ഇതുവരെ നടത്തിയത്. താമരശ്ശേരിക്ക് പുറമേ കോഴിക്കോട് ഡിപ്പോയിൽ നിന്നാണ് ബജറ്റ് ടൂറിസം സെല്ലിന്റെ യാത്രകളുള്ളത്. തിരുവമ്പാടി, വടകര, തൊട്ടിൽപാലം യൂണിറ്റുകളിൽ നിന്നും വെെകാതെ ഉല്ലാസയാത്ര തുടങ്ങാനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. 


സ്വന്തം ആടിനെ വിറ്റ പണവുമായി എത്തിയ കുന്ദമംഗലം സ്വദേശിനി മറിയകുട്ടി, 90 വയസുകഴിഞ്ഞ ദമ്പതികൾ, കുഞ്ഞ് കുട്ടികൾ ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറയിലുള്ളവർ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം യാത്രകൾ ഉപയോഗപ്പെടുത്തി. ഭക്ഷണ, താമസ സൗകര്യങ്ങൾ കൂടി നൽകുന്നതിനാൽ യാത്രകൾക്ക് ദിനംപ്രതി സ്വീകാര്യത ഏറിവരുന്നതായി അധികൃതർ പറയുന്നു.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post