മഴ : ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നുകോഴിക്കോട്:കോഴിക്കോട് താലൂക്കില്‍ ചേവായൂരും കസബ വില്ലേജിലെ തിരുത്തിയാടും പന്നിയങ്കരയിലുമായി 3 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. തിരുത്തിയാടുള്ള അല്‍ സലാമ ഐ കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്യാമ്പില്‍ അഞ്ച് കുടുംബങ്ങളിലെ 17 പേരും പന്നിയങ്കര വില്ലേജില്‍ കപ്പക്കല്‍ സ്‌കൂളിലെ ക്യാമ്പില്‍ ഒരു കുടുംബത്തിലെ എട്ട് പേരുമാണുള്ളത്. ചേവായൂർ എൻജിഒ കോട്ടേഴ്സ് ഹൈസ്കൂളിൽ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിൽ ആറ് കുടുംബങ്ങളിലെ 15 പേരുണ്ട്.


Read alsoവാഹനങ്ങൾ പുനർ ലേലം ചെയ്യുന്നു

താമരശ്ശേരി താലൂക്കിലെ കോടഞ്ചേരി വില്ലേജിലെ ചെമ്പുകടവ് ഗവ യുപി സ്‌കൂളിലും ക്യാമ്പുകള്‍ ആരംഭിച്ചു. 18 കുടുംബങ്ങളില്‍ നിന്നായി 32 പുരുഷന്‍മാരും 36 സ്ത്രീകളും 23 കുട്ടികളും ഉള്‍പ്പടെ 91 ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. 

കൊയിലാണ്ടി താലൂക്കില്‍ ചങ്ങരോത്ത് വില്ലേജിലെ കടിയങ്ങാട് എൽ.പി സ്കൂളിൽ ക്യാമ്പ് തുടങ്ങി. ഒമ്പതാം വാർഡ് മഹിമ സ്റ്റോപ്പിന് സമീപത്തുള്ള സുലോചന കോവുമ്മൽ എന്നവരുടെ കുടുംബത്തിലെ മൂന്ന് പേരെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. ബാലുശ്ശേരി ഗവ. എല്‍.പി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ ആറ് കുടുംബങ്ങളില്‍ നിന്നായി ഏഴ് പുരുഷന്മാരും പത്ത് സ്ത്രീകളും മൂന്ന് കുട്ടികളുമുള്‍പ്പെടെ 20 പേരാണുള്ളത്. 
 
വടകര താലൂക്കില്‍ ഇതുവരെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കാവിലുംപാറ പഞ്ചായത്തിലും നാദാപുരം പഞ്ചായത്തിലുമാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. കാവിലുംപാറ ബഡ്സ് സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ നാല് കുടുംബങ്ങളില്‍ നിന്നായി മൂന്നു പുരുഷന്‍മാരെയും മൂന്ന് സ്തീകളെയും നാല് കുട്ടികളും ഉള്‍പ്പടെ 11 പേരെ മാറ്റിപ്പാര്‍പ്പിച്ചു. നാദാപുരം ഗവ.യുപി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ വാര്‍ഡ് 21 ലെ മൂന്നു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ആറ് പുരുഷന്‍മാരും അഞ്ചു സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പടെ 13 പേരാണ് ക്യാമ്പിലുള്ളത്. 

കോടഞ്ചേരിയില്‍ ഒരു കുടുംബത്തെയും പനങ്ങാട് നാല് കുടുംബങ്ങളെയും ബന്ധു വീട്ടിലേക്കു മാറ്റി.കോടഞ്ചേരിയില്‍ മൂന്നിടങ്ങളില്‍ മതിലുകളും രണ്ടിടങ്ങളില്‍ കിണറുകളും ഇടിഞ്ഞു. അഞ്ചിടങ്ങളില്‍ വീട് ഭാഗികമായി തകര്‍ന്നു.  


വടകര വില്ലേജിലും മണിയൂര്‍ വില്ലേജിലെ കുറുന്തോടിയിലും ഒരോ വീടുകള്‍ ഭാഗികമായി തകര്‍ന്നു. തിരുവള്ളൂര്‍ പഞ്ചായത്തില്‍ ഒരു വീടിന്റെ മേല്‍ക്കുര തകര്‍ന്നു. നരിപ്പറ്റ വില്ലേജില്‍ മണ്‍കട്ട കൊണ്ട് നിര്‍മ്മിച്ച വീടിന്റെ ഒരു ഭാഗവും കാവിലുംപാറ വില്ലേജില്‍ വീടിന് മുകളില്‍ മരം വീണും വീട് ഭാഗികമായും തകര്‍ന്നു.

വേളം വില്ലേജില്‍ മണ്ണിടിച്ചില്‍ ഭീഷണിയുയര്‍ന്നതിനെ തുടര്‍ന്ന് രണ്ട് കുടുംബങ്ങളിലെയും 14 അംഗങ്ങളോട് ബന്ധുവീടുകളിലേക്ക് മാറാന്‍ നിര്‍ദ്ദേശം നല്‍കി. മഴക്കെടുതി കാരണം തുണേരി വില്ലേജ് ചാലപ്രം ദേശത്ത് രണ്ട് കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റിത്താമസിപ്പിച്ചു. കുന്നുമ്മല്‍ വില്ലേജില്‍ കുളങ്ങരത്ത് വീടുകളില്‍ വെള്ളം കയറിയതിനാല്‍ നാല് കുടുംബങ്ങളും പുറമേരി വില്ലേജില്‍ അരുരില്‍ വീടുകളില്‍ വെള്ളം കയറിയതിനാല്‍ രണ്ട്കുടുംബങ്ങളും ബന്ധു വീടുകളിലേക്ക് താമസം മാറി. പാലയാട് വില്ലേജില്‍ വീടുകളില്‍ വെള്ളം കയറിയതിനാല്‍ രണ്ട് കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്ക് താമസം മാറി.

കൊയിലാണ്ടി താലൂക്കിന് കീഴിലെ 19 വില്ലേജുകളിലായി 19 വീടുകളും കോഴിക്കോട് താലൂക്കിന് കീഴിലുള്ള വിവിധ വില്ലേജുകളിലായി അഞ്ച് വീടുകളും ഭാഗികമായി തകര്‍ന്നു.


ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. 1077 ആണ് ടോള്‍ ഫ്രീ നമ്പര്‍. കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം നമ്പര്‍ : 0495 - 2371002

കോഴിക്കോട് താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0495-2372967
താമരശേരി താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0495 -2224088 
വടകര താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0496-2520361 
കൊയിലാണ്ടി താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0496-2623100
Rain: Eight relief camps have been opened in the district
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post