കാലവർഷം കഴിഞ്ഞിട്ടും പ്രവൃത്തി നടക്കുന്നില്ല; ബേപ്പൂർ തുറമുഖത്തെ മണ്ണുമാന്തൽ പ്രതിസന്ധിയിൽ



ബേപ്പൂർ: കാലവർഷത്തെത്തുടർന്ന് സ്തംഭിച്ച മണ്ണുമാന്തൽ പ്രവർത്തനം അനുകൂലകാലാവസ്ഥയായിട്ടും തുടരാൻ കഴിയാതെ പ്രതിസന്ധിയിൽ. തുറമുഖത്ത് വിദേശ ചരക്കു-യാത്രക്കപ്പലുകളും ആഭ്യന്തരയാത്രാ ചരക്കുകപ്പലുകളും സുഗമമായി അടുക്കാൻവേണ്ടിയാണ് ആഴംകൂട്ടൽ പ്രവൃത്തി നടത്തുന്നത്. കേരള മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ ബേപ്പൂർ തുറമുഖത്ത് മണ്ണുമാന്തിക്കപ്പൽ പ്രവർത്തനം കഴിഞ്ഞ മേയ് രണ്ടിനാണ് മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ സാന്നിധ്യത്തിൽ ഉദ്ഘാടനംചെയ്തത്.
ഇതിനിടയ്ക്കാണ്‌ കാലവർഷം രൂക്ഷമായത്‌. ഇതോടെ കാലാവസ്ഥ അനുകൂലമായാൽ കാപ്പിറ്റൽ ഡ്രഡ്ജിങ് തുടങ്ങാനാണ് കൊച്ചിയിലെ ഡ്രഡ്ജിങ് കമ്പനി ലക്ഷ്യമിട്ടിരുന്നതെങ്കിലും ഹാർബർബേസിനിൽ കടുത്ത ചെങ്കൽപ്പാറകൾ കണ്ടെത്തിയതിനെത്തുടർന്ന്‌ കരാർപ്രകാരമുള്ള മണ്ണുമാന്തൽപ്രവർത്തനം തുടരാൻ തടസ്സമാവുകയായിരുന്നു. ഡി.പി.ആർ. പരിഷ്കരിച്ചാലേ ഇനി ബേപ്പൂർ തുറമുഖത്ത് ഡ്രഡ്ജിങ് പുനരാരംഭിക്കാൻ പറ്റുകയുള്ളൂവെന്നാണ് കരാർക്കമ്പനിയുടെ നിലപാട്.

തുറമുഖത്തേക്ക് യു.എ.ഇ.യിൽനിന്ന് യാത്രക്കപ്പൽ സർവീസ് തുടങ്ങാൻ ഒരു ഭാഗത്തുള്ള നടപടിക്ക് കേരളസർക്കാരും മാരിടൈം ബോർഡും മലബാർ ഡെവലപ്മെന്റ് കൗൺസിലും യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചുവരുന്ന സാഹചര്യത്തിൽ, തുറമുഖത്തിന്റെ ആഴംകൂട്ടൽനടപടിക്ക്‌ തടസ്സമായത് ഇരുട്ടടിയായിട്ടുണ്ട്. നിലവിലെ 3.5 മീറ്റർ ആഴം 5.5 മീറ്ററാക്കി ഉയർത്തി ബേപ്പൂർ വാർഫ് മുതൽ കടലിലേക്ക് 2.5 കിലോമീറ്റർ നീളത്തിൽ കാപ്പിറ്റൽ ഡ്രഡ്ജിങ് നടത്താൻ 11.80 കോടിയുടെ ഭരണാനുമതിയാണ് സർക്കാർ നൽകിയിരുന്നത്. ഇതിന്റെ ഫണ്ട്‌ ലഭ്യമായതും ഈ പ്രവൃത്തി നടത്തുന്നതിന് ഹാർബർ എൻജിനിയറിങ് വകുപ്പിന് തുക മുൻകൂറായി നൽകുകയും ചെയ്തതാണ്. ഇനി ഡ്രഡ്ജിങ് കമ്പനിയുമായുള്ള കരാറിലെ വ്യവസ്ഥകൾ മാറ്റാതെ ബേപ്പൂരിലെ മണ്ണുമാന്തൽ ഉടൻ നടക്കാൻ സാധ്യതയില്ലെന്നാണ് സൂചന. ബേപ്പൂർ തുറമുഖത്ത് വർഷങ്ങൾക്കുമുമ്പ് കേരള മാരിടൈം ഡെവലപ്മെന്റ് കോർപ്പറേഷന്റെ നേതൃത്വത്തിൽ നടത്തിയ മണ്ണുമാന്തലിൽ ചെങ്കൽപ്പാറകൾ കണ്ടെത്തിയതാണ്. ചെങ്കൽപ്പാറകൾ ബേപ്പൂർ ഹാർബർ ബേസിനിൽ ഉണ്ടെന്ന കാര്യം കരാർ ഉറപ്പിക്കുമ്പോൾ വിസ്മരിച്ചുപോയതാണ് പ്രതിസന്ധിക്കുകാരണമായത്. കോടികൾ ചെലവിട്ടുനടത്തുന്ന മണ്ണുമാന്തൽ പ്രവർത്തനം എവിടെയുമെത്താതെ പോവുന്നത്‌ ബേപ്പൂർ തുറമുഖത്തിന്റെ ഭാവിയെത്തന്നെ പ്രതികൂലമായി ബാധിക്കും.

Beypore Harbour Dredging

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post