മിൽമയുടെ ആയുർവേദ മരുന്നിന് പ്രധാനമന്ത്രിയുടെ അഭിനന്ദനംകോഴിക്കോട്∙ പശുക്കളുടെ എട്ടുതരം രോഗങ്ങൾക്കു തയാറാക്കിയ ആയുർവേദ മരുന്നുകൾ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത്ത് പരിപാടിയിൽ അനുമോദനം ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിലാണ് മിൽമ മലബാർ മേഖല യൂണിയൻ. ഏതാനും വർഷമായി പശുക്കൾ നേരിടുന്ന ഗുരുതര രോഗമായ ചർമമുഴയ്ക്കു കുത്തിവയ്പ്പിനു പകരം ആയുർവേദ മരുന്നു വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് മിൽമയെന്നു ചെയർമാൻ കെ.എസ്.മണി പറഞ്ഞു. പാരമ്പര്യമായി ക്ഷീരകർഷകർ കന്നുകാലി രോഗങ്ങൾക്കു വിവിധ ആയുർവേദ മരുന്നുകൾ പരീക്ഷിക്കാറുണ്ട്. 
2019–20 കാലഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏതാനും കർഷകർക്ക് മിൽമ മരുന്നുകൾ നൽകിയിരുന്നു. വൈദ്യസഹായമില്ലാതെ കർഷകർക്ക് നേരിട്ടു പ്രയോഗിക്കാവുന്ന തരത്തിലുള്ള മരുന്നുകൾ ഉപയോഗിച്ചതിലൂടെ പശുക്കൾ രക്ഷപ്പെട്ട വിവരങ്ങൾ ലഭിക്കുകയും ചെയ്തു. എന്നാൽ, മരുന്ന് ഉൽപാദനത്തിനുള്ള ഡ്രഗ് കൺട്രോൾ ബോർഡ് ലൈസൻസ് മിൽമയ്ക്കില്ല. തുടർന്നാണ് കോഴിക്കോട്ടെ ആയുർവേദ കോഓപ്പറേറ്റീവ്  സൊസൈറ്റിയെ സമീപിച്ചത്. മിൽമ നൽകുന്ന ഫോർമുല ഉപയോഗിച്ചു മരുന്ന് നിർമിക്കുകയും ഡ്രഗ് ലൈസൻസ് കിട്ടുകയും ചെയ്തു. തുടർന്നാണ് ഒരുവർഷം മുൻപ് മിൽമ ആയുർവേദ മരുന്നുകളുടെ വിൽപന തുടങ്ങിയത്. 

ഡൽഹിയിൽ രാജ്യാന്തര ഡെയറി ഫെഡറേഷന്റെ സമ്മേളനത്തിൽ ആയുർവേദ മരുന്നുകളെക്കുറിച്ച് വിഷയാവതരണം നടത്താൻ മിൽമയ്ക്ക് അവസരം ലഭിച്ചു. ഗുജറാത്തിലെ ആനന്ദിൽ ജി20 ഉച്ചകോടിയോടനുബന്ധിച്ചു നടന്ന ക്ഷീരസമ്മേളനത്തിൽ മിൽമയുടെ സ്റ്റാളിൽ ആയുർവേദ മരുന്നുകളുമുണ്ടായിരുന്നു.സമ്മേളനം ഉദ്ഘാടനം ചെയ്ത കേന്ദ്ര മന്ത്രി പുരുഷോത്തം രുപാല മരുന്നുകളെക്കുറിച്ച് വിശദമായി ചോദിച്ചറിയുകയും പ്രസംഗത്തിൽ അതേക്കുറിച്ച് പറയുകയും ചെയ്തു. ഇതുവഴിയാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയിലേക്ക് മിൽമയെത്തിയത്. നിലവിൽ അകിടുവീക്കമടക്കമുള്ള എട്ടു രോഗങ്ങൾക്കുള്ള ആയുർവേദ മരുന്നാണ് മിൽമ നിർമിക്കുന്നത്.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post