നിപ ഒഴിയുന്ന ആശ്വാസത്തിൽ കോഴിക്കോട്: ജില്ലയിലെ സ്കൂളുകൾ ഇന്ന് തുറക്കുംകോഴിക്കോട്: കോഴിക്കോട്ട് നിപ പോസിറ്റീവ് കേസുകളില്ലാത്ത പത്താം ദിവസം പിന്നിട്ടതോടെ ജില്ലയിലെ സ്കൂളുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ സ്കൂളുകൾ തുറക്കില്ല. ജില്ലയുടെ മറ്റ് ഭാഗങ്ങളിലെ സ്കൂളുകളാണ് നിയന്ത്രണങ്ങളോടെ തുറക്കുന്നത്. 
സെപ്തംബർ 15ന് ചെറുവണ്ണൂർ സ്വദേശിയുടെ നിപ പരിശോധന ഫലമാണ് അവസാനമായി പോസിറ്റീവ് ആയത്. അതിനാൽ തന്നെ രോഗവ്യാപനം ഒഴിയുന്ന ആശ്വാസത്തിലാണ് കോഴിക്കോട് ജില്ല. പ്രോട്ടോക്കോൾ പാലിക്കണമെന്ന കർശന നിർദേശത്തോടെയാണ് സ്കൂളുകൾക്ക് തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. 

വിദ്യാർഥികളും അധ്യാപകരും മാസ്കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂളുകളുടെ പ്രവേശന കവാടങ്ങളിലും ക്ലാസ് മുറികളിലും സാനിറ്റൈസർ വെക്കണമെന്നും നിർദേശമുണ്ട്. കണ്ടെയ്ന്‍മെന്‍റ് സോണുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവിടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ പഠനം ഓൺലൈനായി തുടരണം. ഫറോക്ക് മുൻസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളും കോഴിക്കോട് കോർപറേഷനിലെ 7 വാർഡുകളുമാണ് നിലവിൽ കണ്ടെയ്ൻമെന്റ് സോണുകളായി തുടരുന്നത്. 


പുറത്തെ സ്കൂളുകളിൽ പഠിക്കുന്ന കണ്ടെയ്ൻമെന്റ് സോണുകളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനം ഉറപ്പാക്കാൻ സംവിധാനമൊരുക്കണമെന്നും സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം അവസാനമയച്ച 5 സാമ്പിളുകളുടെയും ഫലം കൂടി നെഗറ്റീവായി. രോഗ ലക്ഷണങ്ങൾ കാണിച്ച ആരോഗ്യപ്രവർത്തകയുടെ അടക്കം പരിശോധനഫലങ്ങളാണ് നെഗറ്റീവായതെന്നാണ് കൂടുതൽ ആശ്വാസകരം. നിലവിൽ 915 പേരാണ് ഐസൊലേഷനിൽ കഴിയുന്നത്.

Nipah virus threat in Kozhikode reduced school to reopen from September 25th

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post