കോഴിക്കോട്:കോഴിക്കോടിന് ഇനി മൂന്ന് ദിനം ഉത്സവനാളുകള്‍. കോഴിക്കോടിന്റെ ഓണാഘോഷം 'പൊന്നോണം 2023' ന്റെ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബർ 1) വൈകീട്ട് 6 മണിക്ക് ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. പ്രശസ്ത ചലച്ചിത്ര താരങ്ങളായ പത്മശ്രീ ജയറാം, റിമ കല്ലിങ്കൽ എന്നിവർ മുഖ്യാതിഥികളാവും.
സെപ്റ്റംബര്‍ 1,2,3 തിയതികളിലായി കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയര്‍, ഭട്ട് റോഡ്, കുറ്റിച്ചിറ, തളി, ബേപ്പൂര്‍ മിനി സ്റ്റേഡിയം, മാനാഞ്ചിറ, ടൗണ്‍ ഹാള്‍ എന്നീ വേദികളില്‍ 'പൊന്നോണം 2023' എന്ന പേരില്‍ കലാകായിക സംഗീതനാടക സാഹിത്യ പരിപാടികള്‍ അരങ്ങേറും.
ഇന്ന് ( സെപ്റ്റംബര്‍ 1) പ്രധാന വേദിയായ ബീച്ച് ഫ്രീഡം സ്‌ക്വയറില്‍ വൈകിട്ട് 5 മണി മുതൽ റിമ കല്ലിങ്കലിന്റെയും ചെമ്മീൻ ബാന്റിന്റെയും പരിപാടികൾ അരങ്ങേറും. ബേപ്പൂർ മിനി സ്റ്റേഡിയത്തിൽ വൈകീട്ട് 6 മണിക്ക് രാകേഷ് ബ്രഹ്മാനന്ദം എവർഗ്രീൻ സോങ്ങുകൾ അവതരിപ്പിക്കും. മാനാഞ്ചിറയിൽ വൈകീട്ട് 6.30 മുതൽ തമിഴ്നാട്ടുകാരൻ പി.മണിയുടെ തെയ്യവും, മുചുകുന്ന് പത്മനാഭൻ അവതരിപ്പിക്കുന്ന ഓട്ടൻ തുള്ളലും, ഗിരീഷ് ആമ്പ്ര നയിക്കുന്ന പാട്ടുകൂട്ടം കോഴിക്കോടിന്റെ "വാമൊഴിത്താളം " നാടൻപാട്ടുകളും നടക്കും.
വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലും സംയുക്തമായാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.