കോഴിക്കോട് ∙ ഓണം അവധി ദിനത്തിൽ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ലംഘിച്ച വാഹന ഉടമയ്ക്കെതിരെ മോട്ടർ വാഹന എൻഫോഴ്സ്മെന്റ് നടപടി. പൊലീസിന്റെയും മോട്ടർ വാഹന എൻഫോഴ്സ്മെന്റിന്റെയും നിയന്ത്രണം മറികടന്നു യാത്ര ചെയ്യുകയും ഇതുകാരണം മണിക്കൂറുകളോളം ചുരം റോഡിൽ ഗതാഗതക്കുരുക്കിനിടയാകുകയും ചെയ്ത സംഭവത്തിലാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശിക്കെതിരെ നടപടി.
ഓഗസ്റ്റ് 30 ന് വൈകിട്ട് 3.40 ന് ലക്കിടി ഭാഗത്തു നിന്നു അടിവാരം ഭാഗത്തേക്കുള്ള യാത്രയിൽ കെഎൽ 53 എൽ 5121 കാർ നാലാം വളവിൽ എത്തിയപ്പോൾ വാഹന നിര തെറ്റിച്ച് യാത്ര ചെയ്യുകയും ഇതുമൂലം മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലാകുകയായിരുന്നു. മറ്റു വാഹനയാത്രക്കാർ വിവരം അറിയിച്ചപ്പോൾ പൊലീസ് എത്തി വാഹനം പിന്നോട്ട് എടുപ്പിച്ചു.
ഏറെ ദൂരം ഈ കാർ പിന്നോട്ട് മാറ്റിയാണ് ഗതാഗതക്കുരുക്ക് പരിഹരിച്ചത്. ബസ് യാത്രക്കാരൻ മൊബൈൽ ഫോണിൽ ചിത്രീകരിച്ച വിഡിയോ മോട്ടർ വാഹന എൻഫോഴ്സ്മെന്റ് ആർടിഒ കെ.ബിജുമോനു കൈമാറി. തുടർന്നു കൊടുവള്ളി എൻഫോഴ്സ്മെന്റ് ജോയിന്റ് ആർടിഒ സി.കെ.അജിത്കുമാറിനു കൂടുതൽ അന്വേഷണത്തിനായി കൈമാറുകയായിരുന്നു.
ഉടമയെ ബന്ധപ്പെട്ട് വാഹനം ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ എൻഫോഴ്സ്മെന്റ് നോട്ടിസ് നൽകി. നിയമ ലംഘനം കണ്ടെത്താൻ ചുരത്തിൽ 5 സ്ക്വാഡുകൾ പരിശോധന നടത്തുന്നുണ്ട്. നിയമം ലംഘിച്ചാൽ വാഹന ഉടമയ്ക്കെതിരെയും ഡ്രൈവർക്കെതിരെയും കർശന നടപടി ഉണ്ടാകുമെന്നു ആർടിഒ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ അറിയിച്ചു.
Thamarassery Churam block
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.