മെഡിക്കൽ അത്യാഹിതങ്ങൾക്കായി ഡ്രോണുകൾ വികസിപ്പിച്ച എൻഐടിസി വിദ്യാർഥികൾക്ക് ദേശീയ അംഗീകാരം



കോഴിക്കോട്∙ ദേശീയ തലത്തിലുള്ള ഡ്രോൺ വികസന മത്സരത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിലെ എയറോഅൺവയർഡ് ക്ലബ്ബിന്റെ  ഭാഗമായ ഒമ്പത് വിദ്യാർഥികളടങ്ങുന്ന ടീമിന് ഒന്നാം സ്ഥാനം ലഭിച്ചു. മെഡിക്കൽ അത്യാഹിത ഘട്ടങ്ങളിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുന്ന ഡ്രോൺ വികസിപ്പിച്ചാണ് എൻഐടിസി വിദ്യാർഥികൾ അഭിമാന നേട്ടം കരസ്ഥമാക്കിയത്.
സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എൻജിനീയേഴ്‌സ് (എസ്എഇ ) ഇന്ത്യ ദേശീയ തലത്തിൽ നടത്തിയ ആൾ ഇന്ത്യ ഓട്ടോണമസ് ഡ്രോൺ ഡെവലപ്‌മെന്റ്-2023 മത്സരത്തിലാണ് എൻഐടിസിയിലെ എയറോമോഡലിങ് ക്ലബ്ബിലെ വിദ്യാർഥികൾ മികച്ച ഡിസൈൻ റിപ്പോർട്ട് അവാർഡ് കരസ്ഥമാക്കിയത്. ചെന്നൈയിൽ നടന്ന മത്സരത്തിൽ ഇന്ത്യയിലെ വിവിധ കോളേജുകളിൽ നിന്നായി 42 ടീമുകൾ പങ്കെടുത്തു.

അടിയന്തര ഘട്ടങ്ങളിൽ ആരോഗ്യരക്ഷാ സാധനങ്ങൾ കൊണ്ടുപോകുന്നതിനായുള്ള ഒരു സ്വയംനിയന്ത്രിത ഡ്രോൺ ആണ് മത്സരത്തിന്റെ നിർദേശങ്ങൾക്കനുസൃതമായി വികസിപ്പിച്ചെടുത്തതെന്ന് ടീമംഗമായ ആയുഷ് സിങ് പറഞ്ഞു. മെഡിക്കൽ അത്യാഹിത ഘട്ടങ്ങളിൽ ഒരു കിലോഗ്രാം വരെ ഭാരമുള്ള മെഡിക്കൽ സാധനങ്ങൾ കൊണ്ടുപോകുന്നതിന് സ്വയം നിയന്ത്രണശേഷിയുള്ള ഡ്രോൺ രൂപകൽപന ചെയ്യുകയും നിർമിക്കുകയും ചെയ്യുക എന്നതായിരുന്നു എസ്എഇ നടത്തിയ മത്സരത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആയുഷ് സിങ്, ഹിമാൻഷു ദുഡി, സിറിയക് ജോയ്, നവീൻ സുനിൽ, കോമൾ സിങ്, ശ്യാം പ്രകാശ്, വേദാന്ത് ജാദവ്, അരുൺ എസ്.കെ, അനുരാഗ് ഭട്ട് എന്നിവരടങ്ങിയ ടീമാണ് മത്സരത്തിൽ വിജയികളായത്. വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിദൂരമായി പൈലറ്റുചെയ്‌ത റോട്ടറി വിങ് ഡ്രോൺ എന്ന ആശയം ഉൾക്കൊള്ളാനും രൂപകൽപന ചെയ്യാനും വികസിപ്പിക്കാനും വിദ്യാർഥികൾക്ക് അവസരം നൽകുന്നതിനായാണ് സംഘാടകർ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. 

ഡ്രോൺ വികസിപ്പിക്കുന്നതിന് മത്സരത്തിന്റെ സംഘാടകർ ചില മാർഗനിർദ്ദേശങ്ങൾ നൽകിയിരുന്നു. മാർഗനിർദ്ദേശം അനുസരിച്ച്, ഡ്രോൺ സ്വയം നിർദ്ദിഷ്‌ട സ്ഥലത്തേക്ക് നീങ്ങുകയും മെഡിക്കൽ സാധനങ്ങൾ നിക്ഷേപിച്ച് ബേസ് സ്റ്റേഷൻ സ്ഥാനത്തേക്ക് മടങ്ങുകയും വേണമെന്നും അതിനനുസൃതമായാണ് വിദ്യാർഥികൾ ഡ്രോൺ നിർമിച്ചത് എന്നും അധ്യാപക കോഓർഡിനേറ്റർമാരായ എ.എം. ശ്രീനാഥ്, ഡോ. ടി.ജെ.എസ്. ജോതി എന്നിവർ പറഞ്ഞു. 3 മീറ്റർ ഉയരത്തിൽ നിന്ന് വൈദ്യുതകാന്തിക സംവിധാനം ഉപയോഗിച്ച് പേലോഡ് വീഴ്ത്തുന്ന തരത്തിലാണ് ഡ്രോൺ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ക്ലബ് എയറോഅൺവയർഡിന്റെ ചുമതലയുള്ള അധ്യാപകർ പറഞ്ഞു.




ഒന്നാം സ്ഥാനം ലഭിച്ച ഡ്രോൺ

എൻഐടിസിയിലെ പൂർവ വിദ്യാർഥി സംഘടനയുടെ സാമ്പത്തിക സഹായത്തോടെയാണ് എയ്റോഅൺവയേർഡ് ക്ലബ് മത്സരത്തിനായി ഒരുങ്ങിയത്.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post