സ്വന്തം രാജ്യത്തെ ആശുപത്രികള്‍ കയ്യൊഴിഞ്ഞു; കോഴിക്കോട്ടെത്തി ശസ്ത്രക്രിയ, ബാലികയ്ക്ക് ജീവിതത്തിലേക്ക് മടക്കം



കോഴിക്കോട്: സങ്കീര്‍ണമായ വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ ഒമാനി ബാലികയ്ക്ക് ജീവിതത്തിലേക്ക് മടക്കം. ഒമാനിലെ ആദില്‍ മുഹമ്മദ് അല്‍ അമ്രിയുടെ മകളുടെ ശസ്ത്രക്രിയയാണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഒമാനിലെ ആശുപത്രികള്‍ കയ്യൊഴിഞ്ഞപ്പോഴാണ് കുടുംബം കേരളത്തിലെത്തിയത്.
ജന്മനാ വൃക്ക രോഗമുള്ള പെണ്‍കുട്ടിക്ക് അവയവദാനത്തിന് 40കാരിയായ ഉമ്മ അല്‍ ഖയാര്‍ സുഹൈലുല്‍ അമ്രി തയ്യാറായെങ്കിലും പരിശോധനയിലാണ് വൃക്കയിലേക്കുള്ള ധമനിയില്‍ വീക്കം കണ്ടത്. ഇത് പരിഹരിക്കാതെ അവയവദാനം ചെയ്യാനാവില്ലെന്ന് വന്നതോടെ ഒമാനിലെ ആശുപത്രി ശസ്ത്രക്രിയയില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഇതോടെയാണ് ഈ കുടുംബം കേരളത്തിലെ ആശുപത്രികള്‍ അന്വേഷിച്ചത്.

ഏറെ തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് ശസ്ത്രക്രിയ ചെയ്യാമെന്ന റിസ്‌ക് ഏറ്റെടുത്തതെന്ന് ഡോക്ടര്‍ പറഞ്ഞു. വൃക്ക നല്‍കിയ ഉമ്മയും ഏറ്റുവാങ്ങിയ മകളും ആരോഗ്യവതികളാണ്. ഓണക്കാലത്താണ് ശസ്ത്രക്രിയ നടത്തിയത്. ഡോക്ടര്‍മാരും മറ്റ് സ്റ്റാഫുകളും ആഘോഷങ്ങള്‍ മാറ്റിവച്ച് ശസ്ത്രക്രിയയുടെ ഭാഗമായി. എല്ലാവരും സഹകരിച്ചത് കൊണ്ടാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്നും ഡോക്ടര്‍ അറിയിച്ചു.

ആദില്‍ മുഹമ്മദിന്റെ മൂത്ത മകനും വൃക്ക രോഗിയായിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് അവനായി വൃക്ക പകുത്ത് നല്‍കിയത് ആദില്‍ മുഹമ്മദ് അല്‍ അമ്രിയാണ്. മക്കള്‍ക്ക് ജീവിതം പകുത്ത് കൊടുത്തതിന്റെ സന്തോഷത്തിലാണ് ഒമാനി കുടുംബം കേരളത്തില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നത്.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post