വീട്ടമ്മയുടെ ആഭരണം തട്ടിയെടുത്ത തൈലം വിൽപനക്കാരൻ അറസ്റ്റിൽ



അത്തോളി∙ എടക്കരയിൽ വീട്ടമ്മയെ കബളിപ്പിച്ചു ആഭരണം തട്ടിയെടുത്ത തൈലക്കച്ചവടക്കാരൻ അറസ്റ്റിൽ. തെലങ്കാന സ്വദേശിയായ കല്യാണി വംഷി(23)യാണ് അറസ്റ്റിലായത്. ഇയാളിൽ നിന്നു മൂന്നര പവൻ സ്വർണ മാല കണ്ടെടുത്തു.കഴിഞ്ഞ മാസം 31ന് തൈലം വിൽക്കാൻ എന്ന വ്യാജേന എടക്കര സൈഫണിന് അടുത്തുള്ള വീട്ടിൽ എത്തിയ കല്യാണി   വീട്ടമ്മയെ കബളിപ്പിച്ചാണ്   സ്വർണം തട്ടിയെടുത്തത്. 
മകന്റെ മദ്യപാനശീലം മാറ്റാൻ പൂജ നടത്തിയാൽ മതിയെന്നും പൂജയ്ക്കായി സ്വർണാഭരണം വേണമെന്നും ആവശ്യപ്പെട്ട് ഇയാൾ മാല കൈക്കലാക്കി. അതിനു ശേഷം ഫോൺ ഓഫ്‌ ചെയ്തു മുങ്ങിയ പ്രതിയെ പിടിക്കുന്നതിനു വേണ്ടി പേരാമ്പ്ര ഡിവൈഎസ്പി കുഞ്ഞിമോയിന്റെ നിർദേശം പ്രകാരം അത്തോളി ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. 

പാലക്കാട്‌ ജില്ലയിലെ ഒറ്റപ്പാലത്ത് ഒളിവിൽ കഴിഞ്ഞു വന്ന പ്രതിയെ  എസ്ഐ ആർ.രാജീവ്, എസ്‌സിപിഒ സന്തോഷ്‌ എന്നിവർ ഒറ്റപ്പാലം പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. പ്രതിയെ പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post