ജില്ലയിൽ നിപയുമായി ബന്ധപ്പെട്ട് പുതുതായി പരിശോധിച്ച സാമ്പിളുകൾ എല്ലാം നെഗറ്റീവാണെന്നും പുതിയ പോസിറ്റീവ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നിപ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പുതുതായി പരിശോധിച്ച 71 സാമ്പിളുകളും നെഗറ്റീവാണ്. പോസിറ്റീവായി ചികിത്സയിലുള്ള നാലു പേരിൽ യുവാക്കളായ മൂന്നുപേരുടെയും ആരോഗ്യസ്ഥിതി സ്ഥിരതയോടെ തുടരുന്നു. കുട്ടിക്ക് ഓക്‌സിജൻ നൽകുന്നുണ്ട്. ആരോഗ്യ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ 13ന് കണ്ടെയിൻമെൻറ് സോൺ പ്രഖ്യാപിച്ച ചിലയിടങ്ങളിൽ ചില ഇളവുകൾ പ്രഖ്യാപിക്കുന്നതിന് തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
ഇത് വരെ 218 സാമ്പിളുകളാണ് പരിശോധിച്ചത്. തിങ്കളാഴ്ച കണ്ടെത്തിയ 37 പേരടക്കം 1270 പേരാണ് ആകെ സമ്പർക്ക പട്ടികയിൽ ഉള്ളത്. കൂടുതൽ സാമ്പിളുകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. 136 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഹൈറിസ്‌ക് പട്ടികയിൽ ഏറ്റവും കൂടുതൽ സംശയിച്ച സാമ്പിളുകൾ പോലും നെഗറ്റീവായി. ഏറ്റവുമൊടുവിൽ പോസിറ്റീവ് ആയ വ്യക്തിയുടെ ഏറ്റവും അടുത്ത സമ്പർക്കമുള്ള ആരോഗ്യ പ്രവർത്തകയ്ക്ക് നല്ല ലക്ഷണങ്ങൾ ഉണ്ടായിട്ടും നിപ്പയല്ല എന്ന് പരിശോധനയിൽ കണ്ടെത്തി. രണ്ടാമത് പോസിറ്റീവായ വ്യക്തിയുടെ കൂടെ കാറിൽ സഞ്ചരിച്ച വളരെ സമ്പർക്കമുള്ള വ്യക്തിയും നെഗറ്റീവാണ്.
സമ്പർക്ക പട്ടികയിൽ ഉള്ളവരെ കണ്ടെത്തുന്നതിന് പോലീസും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വളരെയധികം സഹായിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ ദിവസങ്ങളിൽ പോലീസിന്റെ സേവനം നല്ല രീതിയിൽ ഉണ്ടായെന്ന് മന്ത്രി എടുത്തുപറഞ്ഞു. ആദ്യത്തെ കേസിൽ ഉൾപ്പെട്ടയാൾ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിന് 21 ദിവസം മുമ്പ് സഞ്ചരിച്ചതിന്റെ മാപ്പ് പോലീസ് വകുപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയിട്ടുണ്ട്. അതോടൊപ്പം റൂട്ട് മാപ്പിൽ ഉൾപ്പെടാത്ത ലോ റിസ്‌ക് കോൺടാക്ട് ഉൾപ്പെടെ തിരിച്ചറിയുന്നതിൽ തദ്ദേശ സ്ഥാപനങ്ങളും സഹായിച്ചു.
മൃഗസംരക്ഷണ മേഖലയിലെ പഠനത്തിനായി വെറ്ററിനറി സർവകലാശാലയിലെ വിദഗ്ധർ ഉൾപ്പെടെയുള്ളവർ ജില്ലയിൽ കേന്ദ്ര സംഘത്തോടൊപ്പം വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിവിധ വകുപ്പുകൾ വിശദമായി പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
ഇപ്പോൾ നടത്തുന്ന സർവൈലൻസ് കൂടാതെ മൃഗങ്ങളുമായി ബന്ധപ്പെട്ട് നിരന്തരമായി കമ്മ്യൂണിറ്റി സർവൈലൻസ് നടത്താൻ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ അസ്വാഭാവിക കാര്യങ്ങൾ ഉൾപ്പെടെ ഉണ്ടോ എന്ന് പരിശോധിക്കും. 47605 വീടുകളിൽ ഗൃഹ സന്ദർശനം പൂർത്തീകരിച്ചിട്ടുണ്ട്. കേന്ദ്രസംഘത്തിലെ മൂന്ന് പേർ തിങ്കളാഴ്ച മടങ്ങുമെന്നും മന്ത്രി പറഞ്ഞു. ഒരു സംഘം ഇവിടെ തുടരും
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Nipha