പാളയം മാർക്കറ്റ് മാറ്റം ജനുവരിയോടെ? കല്ലുത്താൻ കടവിലെ മാർക്കറ്റ് നിർമാണം അന്തിമ ഘട്ടത്തിൽ



കോഴിക്കോട് ∙ പാളയം മാർക്കറ്റ് കല്ലുത്താൻകടവിലേക്കു മാറ്റുന്നതിനുള്ള മുന്നോടിയായുള്ള നിർമാണപ്രവൃത്തി അന്തിമഘട്ടത്തിൽ. കല്ലുത്താൻകടവിൽ മാർക്കറ്റിന്റെ പണി ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും 2024 ജനുവരി മുതൽ എപ്പോൾ വേണമെങ്കിലും പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിലേക്കു മാറ്റുമെന്നും ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് പറഞ്ഞു. പാളയം മാർക്കറ്റിലെ നിലവിലുള്ള കച്ചവടക്കാർക്കും തൊഴിലാളികൾക്കും കല്ലുത്താൻകടവിലെ മാർക്കറ്റിൽ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. 
5.5 ഏക്കർ വിസ്തൃതിയുള്ള കല്ലുത്താൻകടവിലെ മാർക്കറ്റ് സമുച്ചയത്തിന്റെ നിർമാണം 70–80% വരെ പൂർത്തീകരിച്ചതായി നിർമാണച്ചുമതലയുള്ള കല്ലുത്താൻകടവ് ഏരിയ ഡവലപ്മെന്റ് സൊസൈറ്റിയുടെ ഡയറക്ടർ അലി മാനോടികയ്യിൽ പറഞ്ഞു. പാളയം മാർക്കറ്റിൽ നിലവിൽ പ്രവർത്തിക്കുന്ന കടമുറികൾക്കുള്ള സൗകര്യം കല്ലുത്താൻകടവിൽ നിർമിക്കുന്ന 3 നില കെട്ടിടത്തിൽ ഇതിനകം സജ്ജമാക്കി. ഇതിനു പുറമേയും കടമുറികൾ നിർമിച്ചിട്ടുണ്ട്.

കെട്ടിടത്തിന്റെ താഴെ നിലയിലാണു കടമുറികൾ. വരുന്ന ഡിസംബറോടെ മാർക്കറ്റിലെ മുഴുവൻ നിർമാണ പ്രവൃത്തിയും പൂർത്തീകരിക്കാനാണു ലക്ഷ്യമിട്ടത്. എന്നാൽ, സൊസൈറ്റിക്ക് കോർപറേഷൻ മുഖേന ഏറ്റെടുത്തു നൽകാനുള്ള ഒരു സ്ഥലത്തിന്റെ കൈമാറ്റ നടപടിക്രമം നീണ്ടതോടെ അടുത്ത മാർച്ചിനകം പൂർത്തിയാക്കാനാണു ശ്രമമെന്നും അലി പറഞ്ഞു.മാർക്കറ്റിൽ 500 വാഹനങ്ങൾക്കു പാർക്കിങ് സൗകര്യമുണ്ടാകും.  35 വർഷത്തെ നടത്തിപ്പു കാലാവധിക്കു ശേഷം സൊസൈറ്റി മാർക്കറ്റ് കോർപറേഷനു കൈമാറും.

അതുവരെ പച്ചക്കറി മാർക്കറ്റ്, വാണിജ്യ സമുച്ചയം എന്നിവയിൽ നിന്നുള്ള വരുമാനം സൊസൈറ്റിക്ക് എടുക്കാമെന്നാണു കരാർ. ആദ്യത്തെ 3 വർഷം 10 ലക്ഷം രൂപ വീതവും പിന്നീട് ഓരോ വർഷവും 5% വർധനയോടെയുള്ള തുകയും കോർപറേഷനു നൽകണമെന്നും കരാറിലുണ്ട്. കല്ലുത്താൻകടവിലെ കോളനിക്കാർക്കു ഫ്ലാറ്റ് സമുച്ചയം നിർമിച്ചു നൽകിയതും കരാറിന്റെ ഭാഗമായാണ്. 2010ൽ കരാറായെങ്കിലും നടപടികൾ വൈകി. സ്ഥലം ഏറ്റെടുത്തു നൽകാനും കല്ലുത്താൻകടവു കോളി നിവാസികൾക്കു സൊസൈറ്റി നിർമിച്ചു നൽകിയ ഫ്ലാറ്റിനു ചീഫ് ടൗൺ പ്ലാനറുടെ അനുമതി ലഭിക്കാനും വൈകിയതോടെ മാർക്കറ്റ് നിർമാണവും നീണ്ടു.  

മാർക്കറ്റ് മാറ്റം അനിവാര്യം: ഡപ്യൂട്ടി മേയർ, സി.പി.മുസാഫർ അഹമ്മദ് 

പാളയം മാർക്കറ്റിലെ കച്ചവടക്കാരുടെയും തൊഴിലാളികളുടെയും പ്രതിനിധികളെ വിളിച്ചു ചേർത്ത് കല്ലുത്താൻകടവിലേക്കു മാർക്കറ്റ് മാറ്റേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തും. അവരെ വിശ്വാസത്തിലെടുത്തു മാത്രമാണു മാർക്കറ്റ് മാറ്റുക. കല്ലുത്താൻകടവ് മാർക്കറ്റിലേക്കുള്ള റോഡ് വികസനം അത്യാവശ്യമാണ്. വലിയപാലം – പുതിയപാലം – ജയിൽ റോഡ് വികസനത്തിനും വിപുലീകരണത്തിനും ചുമതലപ്പെട്ട വകുപ്പുകളുമായി കോർപറേഷന്റെ നേതൃത്വത്തിൽ ചർച്ച നടത്തും. 


മാർക്കറ്റ് പാളയത്ത് തന്നെ നിർമിക്കണം: പി.കെ.കൃഷ്ണദാസൻ പാളയം വെജിറ്റബിൾ മാർക്കറ്റ് കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ   

പാളയം പച്ചക്കറി മാർക്കറ്റ് ആധുനിക രീതിയിൽ പാളയത്തു തന്നെ പുനർനിർമിക്കണം. ഇതിനായി എന്തു വിട്ടുവീഴ്ചയ്ക്കും മാർക്കറ്റിലെ കച്ചവടക്കാരും തൊഴിലാളികളും തയാറാണ്. ഈ ആവശ്യം ഉന്നയിച്ചു പാളയത്തെ കച്ചവടക്കാരുടെയും തൊഴിലാളികളുടെയും ഒപ്പു ശേഖരിച്ചു മേയർക്കു സമർപ്പിച്ചിരുന്നു. ആവശ്യങ്ങൾ പരിഗണിക്കാമെന്നാണു മേയർ പറഞ്ഞത്. നിലവിൽ കോർപറേഷൻ നിശ്ചയിച്ച വാടകയാണു പാളയം മാർക്കറ്റിലെ കടമുറികൾക്ക് ഈടാക്കുന്നത്. കല്ലുത്താൻകടവിലേക്കു മാറ്റുമ്പോൾ അവിടെ ഈടാക്കുന്ന വാടകനിരക്കിനെകുറിച്ച് ആശങ്കയുണ്ട്. തൊഴിലാളികളും ആശങ്കയിലാണ്. നിലവിൽ ലോറികൾക്കു സുഗമമായി കല്ലുത്താൻകടവിലേക്കു പോകാൻ പറ്റാത്ത സ്ഥിതിയാണ്. മാർക്കറ്റ് അങ്ങോട്ടു മാറ്റുന്നതോടെ ജയിൽ റോഡ് ഭാഗത്തു ഗതാഗതക്കുരുക്കു രൂക്ഷമാകും. 

തൊഴിലവസരങ്ങൾ കുറയും: എ.വി.മുസ്തഫ പാളയം വെജിറ്റബിൾ മാർക്കറ്റ് കോഓർഡിനേഷൻ കമ്മിറ്റി കൺവീനർ

 പച്ചക്കറി മാർക്കറ്റ് പാളയത്തു തന്നെ നിലനിർത്തണം. നിലവിൽ ആയിരത്തോളം തൊഴിലാളികളും അവരുടെ കുടുംബങ്ങളും മാർക്കറ്റിനെ ആശ്രയിച്ചു കഴിയുന്നുണ്ട്. മാർക്കറ്റിലെയും പരിസരത്തെയും കടകളിലും  വ്യാപാരസ്ഥാപനങ്ങളിലുമാണു ചുമട്ടുതൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ജോലി ചെയ്യുന്നത്. മാർക്കറ്റ് മാറ്റുന്നതോടെ തൊഴിലവസരം കുറയും. ഇതു തൊഴിലാളികളെ പ്രതിസന്ധിയിലാക്കും. മാർക്കറ്റിനെ ആശ്രയിച്ചു കഴിയുന്ന വഴിയോരക്കച്ചവടക്കാരും ഉന്തുവണ്ടി കച്ചവടക്കാരും ദുരിതത്തിലാകും. ഈ സാഹചര്യത്തിൽ, മാർക്കറ്റിലെ തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാനുള്ള നടപടി വേണം. 

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post