കോഴിക്കോട് വിമാനത്താവളത്തിൽ 24 മണിക്കൂർ സർവീസ്; വരുന്നു കൂടുതൽ വിമാനക്കമ്പനികൾ



കരിപ്പൂർ :റൺവേ റീ കാർപറ്റിങ് അനുബന്ധ ജോലികൾ പൂർത്തിയായതോടെ ഇന്ന് 24 മണിക്കൂർ വിമാന സർവീസ് പുനരാരംഭിക്കുന്ന കോഴിക്കോട് വിമാനത്താവളത്തിലേക്ക് കൂടുതൽ സർവീസുകളുമായി വിമാനക്കമ്പനികൾ എത്തുന്നു. നിലവിലുള്ള സർവീസുകളുടെ എണ്ണം കൂട്ടുന്നതിനും നിർത്തിയ സർവീസുകൾ പുനരാരംഭിക്കുന്നതിനുമൊപ്പം, കോഴിക്കോട് സെക്ടറിൽ സർവീസ് ആരംഭിക്കാൻ പുതിയ വിമാനക്കമ്പനികളും എത്തുമെന്നു സൂചനയുണ്ട്.

കോവിഡ് നിയന്ത്രണത്തിനു പിന്നാലെ സർവീസ് നിർത്തിയ ഇത്തിഹാദിന്റെ കരിപ്പൂരിലേക്കുള്ള തിരിച്ചുവരവ് ഉറപ്പായി. കോഴിക്കോട് –അബുദാബി സെക്ടറിൽ ജനുവരി മുതൽ എല്ലാ ദിവസവും സർവീസ് ഉണ്ടാകുമെന്നാണു വിവരം. അതിനു മുന്നോടിയായി അടുത്ത മാസംമുതൽ ആഴ്ചയിൽ മൂന്നോ നാലോ ദിവസം സർവീസ് നടത്തുന്നതിനും അനുമതി തേടിയിട്ടുണ്ട്.
സൗദിയിലേക്ക് കൂടുതൽ യാത്രക്കാരുള്ള വിമാനത്താവളമാണു കരിപ്പൂർ. അതു കണക്കിലെടുത്ത് സൗദി എയർലൈൻസും തിരിച്ചുവരവ് ആലോചിക്കുന്നുണ്ട്. എന്നാൽ, എന്നുമുതൽ സർവീസ് പുനരാരംഭിക്കാനാകുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ശ്രീലങ്കൻ വിമാനക്കമ്പനിയും കോഴിക്കോട്  സെക്ടറിൽ സർവീസിനു താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

നിലവിലുള്ള സർവീസുകളുടെ എണ്ണം കൂട്ടാൻ പല വിമാനക്കമ്പനികളും തീരുമാനിച്ചു. മസ്കത്തിലേക്കുള്ള ഒമാൻ എയർ ആഴ്ചയിൽ 3 സർവീസുകൾ കൂട്ടും. റിയാദിലേക്കുള്ള ഫ്ലൈ നാസ് ആഴ്ചയിൽ 4 സർവീസുള്ളത് ആറാക്കുന്നുണ്ട്. ഇൻഡിഗോ ആഭ്യന്തര സർവീസുകളുടെ എണ്ണം കൂട്ടും. എയർ ഇന്ത്യ എക്സ്പ്രസും     കൂടുതൽ സർവീസുകൾ   പരിഗണിക്കുന്നുണ്ട്.

തിരിച്ചുവരവ് പ്രതീക്ഷയിൽ വലിയ വിമാനങ്ങളും എല്ലാതരം വലിയ വിമാനങ്ങളും ഇറങ്ങിയിരുന്ന കോഴിക്കോട് വിമാനത്താവളത്തിൽ 2015 ഏപ്രിൽ മുതലാണ് റൺവേ റീകാർപറ്റിങ്ങിന്റെ പേരിൽ വലിയ വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയയത്. പിന്നീട് അവയൊന്നും പൂർണതോതിൽ തിരിച്ചുവന്നിട്ടില്ല. റീ കാർപറ്റിങ് പൂർത്തിയായെങ്കിലും 2018ൽ വലിയ വിമാനങ്ങളുടെ ‘ഇ’ ശ്രേണിയിൽപെട്ട ഇടത്തരം വലിയ വിമാനങ്ങൾക്കു മാത്രമേ അനുമതി ലഭിച്ചുള്ളൂ. 2020 ഓഗസ്റ്റ് 7ന് വിമാനാപകടം ഉണ്ടായതിനെത്തുടർന്ന് ആ അനുമതിയും പിൻവലിച്ചു. 

നിലവിൽ ചെറുവിമാനങ്ങൾ മാത്രമാണ് ഇവിടെനിന്നു സർവീസ് നടത്തുന്നത്. വലിയ വിമാനങ്ങൾ അനുവദിക്കണമെങ്കിൽ റൺവേയുടെ സുരക്ഷാ മേഖലയുടെ നീളം 90ൽനിന്ന് 150 മീറ്ററാക്കണമെന്നാണു നിർദേശം. അതിനാവശ്യമായ സ്ഥലം ഏറ്റെടുത്ത് എയർപോർട്ട് അതോറിറ്റിക്കു കൈമാറിക്കഴിഞ്ഞു. അതു വലിയ വിമാനങ്ങളുടെ തിരിച്ചുവരവിനു മാത്രമല്ല, പ്രതിസന്ധി ഘട്ടങ്ങളിൽപോലും യാത്രക്കാരുടെ എണ്ണത്തിൽ മുൻനിരയിലുള്ള കോഴിക്കോട് വിമാനത്താവളത്തിലേക്ക് കൂടുതൽ വിമാനക്കമ്പനികളുടെ വരവിനും വഴിതുറന്നേക്കും.

24 hour service at Kozhikode airport; More airlines are coming

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post