കോഴിക്കോട്∙ കാലിക്കറ്റ് ട്രേഡ് സെന്റർ ഉടമ മുഹമ്മദ് അബ്ദുൽ കരീം ഫൈസലിന്റെ ആക്സിസ് ബാങ്ക് ശാഖയുടെ എൻആർഒ അക്കൗണ്ട് ചെക്ക് ഉപയോഗിച്ച് കോയമ്പത്തൂർ ശാഖയിൽ നിന്ന് 2 തവണയായി 1.78 കോടി രൂപ തട്ടിയെടുത്ത കോയമ്പത്തൂർ ശരവണംപെട്ടി സ്വദേശി ജി.സർവേശ് ബാബു (45)വിനെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു.
വ്യവസായിയുമായി ബന്ധമുളളവരുടെ സഹായത്താൽ ഫൈസലിന്റെ പെട്ടിയിൽ സൂക്ഷിച്ച ചെക്ക് ബുക്ക് സ്വന്തമാക്കിയ ശേഷം വ്യാജ ഒപ്പിട്ട് തമിഴ്നാട്ടിലെ സ്വർണവ്യാപാരികളുടെ സഹായത്താൽ തുക അക്കൗണ്ടിലേക്ക് മാറ്റി ആ തുകയ്ക്ക് തുല്യമായ സ്വർണം വാങ്ങി മുങ്ങുകയായിരുന്നു. ഇതിലെ ഒരു പ്രതിയെ നടക്കാവ് പൊലീസ് മാസങ്ങൾക്ക് മുൻപ് കോയമ്പത്തൂരിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് സർവേശ് ബാബുവിനെ പറ്റി വിവരം ലഭിച്ചത്.
നടക്കാവ് പൊലീസ് കോയമ്പത്തൂരിൽ എത്തിയപ്പോൾ, ഇയാൾ മുംബൈയിലേക്ക് കടന്നു. പൊലീസ് തിരിച്ച് പോയെന്ന് വിശ്വസിച്ച പ്രതി ദീപാവലി ആഘോഷിക്കാൻ വേണ്ടി നാട്ടിലേക്ക് തിരിച്ച് വരുമ്പോൾ വിമാനത്താവളത്തിൽ വച്ച് നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജീഷിന്റെ നേതൃത്വത്തിൽ എഎസ്ഐ ശശികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.വി.ശ്രീകാന്ത്, സി.ഹരീഷ് കുമാർ, ബബിത്ത് കുറുമണ്ണിൽ എന്നിവർ ചേർന്ന് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു.
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Crime