ഫറോക്ക്∙ ബേപ്പൂർ മണ്ഡലത്തിലെ ടൂറിസം വികസന പദ്ധതികളുടെ ഭാഗമായി കോട്ടക്കടവിൽ നടപ്പാക്കുന്ന ഫ്ലോട്ടിങ് റസ്റ്ററന്റിനുള്ള പ്ലാറ്റ്ഫോം ഒരുങ്ങുന്നു. കോട്ടക്കടവ് പാലത്തിനു സമീപത്താണ് 43 മീറ്ററിൽ നീളത്തിൽ കോൺക്രീറ്റ് പ്ലാറ്റ്ഫോം നിർമിച്ചത്. പാലത്തിനു മുകളിൽ നിന്നു പുഴയോരത്തേക്ക് ഇറങ്ങാൻ പടികളും പണിതു. സുരക്ഷാ കൈവരിയും അലങ്കാര വിളക്കുകളും സ്ഥാപിക്കലും ലാൻഡ് സ്കേപ്പിങ്ങുമാണ് ബാക്കിയുള്ളത്.
3.94 കോടി രൂപ ചെലവിട്ടാണ് ടൂറിസം വകുപ്പ് കോട്ടക്കടവിൽ ഫ്ലോട്ടിങ് റസ്റ്ററന്റ് പദ്ധതി നടപ്പാക്കുന്നത്. ഇതിൽ ഉൾപ്പെടുത്തിയാണ് പുഴയോരത്ത് ഭിത്തി കെട്ടി പ്ലാറ്റ്ഫോമും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയത്. ചെന്നൈ ഐഐടി നേതൃത്വത്തിൽ സാങ്കേതിക പരിശോധന നടത്തി സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തിയ രൂപരേഖ പരിഗണിച്ചാണ് നദിയിൽ ഒഴുകുന്ന റസ്റ്ററന്റ് പദ്ധതി തയാറാക്കിയത്.
82 പേർക്ക് ഇരിക്കാവുന്ന രീതിയിൽ സ്റ്റീൽ നിർമിതമാകും ഫ്ലോട്ടിങ് റസ്റ്ററന്റ്. കൊച്ചിയിൽ നിർമിച്ചാകും ഇതു കോട്ടക്കടവിൽ എത്തിക്കുക. നദിയിൽ നങ്കൂരമിടുന്ന റസ്റ്ററന്റിലേക്ക് കയറാൻ ചെറിയ പാലവും സജ്ജമാക്കും. യാത്രയാനങ്ങളുടെയും ഫ്ലോട്ടിങ് ഘടനകളുടെയും നിർമാണത്തിൽ വൈദഗ്ധ്യമുള്ള കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനാണു പദ്ധതി നിർവഹണ ചുമതല.
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.