റോഡരിക് നിറഞ്ഞ് ഫ്ളെക്സുകളും ബാനറുകളും: ഈ നഗരം ഇങ്ങനെയാണ്

റെഡ്‌ക്രോസ് റോഡിൽ നിറഞ്ഞുകിടക്കുന്ന ഫ്ലെക്സുകൾ


കോഴിക്കോട് : നഗരത്തിന്റെ പലഭാഗങ്ങളിലും സ്ഥാപിച്ച ബാനറുകളും ഫ്ളെക്സ് ബോർഡുകളും കോർപ്പറേഷൻ സ്ക്വാഡിന്റെ നേതൃത്വത്തിൽ നീക്കിത്തുടങ്ങി. നഗരത്തിലെ റോഡരികുകളിൽ ഒരിടക്കാലത്ത് ഫ്ളെക്സുകളും ബോർഡുകളുമെല്ലാം കുറഞ്ഞിരുന്നെങ്കിലും ഇപ്പോൾ തുടർച്ചയായിനടക്കുന്ന പരിപാടികളുടെ പരസ്യങ്ങളാണ് എല്ലായിടത്തും. തുടർന്നാണ് കോർപ്പറേഷൻ സ്ക്വാഡ് അവ നീക്കിത്തുടങ്ങിയത്.
അനുമതിയില്ലാത്ത ബോർഡുകൾ

ഫ്ളെക്സും ബാനറുകളുമെല്ലാം സ്ഥാപിക്കുമ്പോൾ അനുമതിവാങ്ങണമെന്നാണ് ചട്ടം. എന്നാൽ, അതൊന്നുമില്ലാതെ തോന്നുംപോലെ കാഴ്ചമറച്ചാണ് ഇത്തരത്തിൽ കൊടിതോരണങ്ങളും ബോർഡുകളുമെല്ലാം വെക്കുന്നത്.

അപൂർവംചിലർ ഒഴിച്ചാൽ സംഘാടകരാരും അതുനീക്കാറില്ല. എല്ലാ പാർട്ടിക്കാരും ബോർഡ് വെക്കുന്നതിൽ മുൻപന്തിയിലുണ്ട്. റോഡിന്റെ വളവുകളിൽപോലും കമാനം സ്ഥാപിക്കുന്നുണ്ട്. അപകടകരമാണെങ്കിലും ഇതൊന്നും ആരും വിലക്കാറുമില്ല.

സി.എച്ച്. മേൽപ്പാലത്തിനുസമീപം പടിഞ്ഞാറുവശത്ത് വളവിൽ എപ്പോഴും വലിയകമാനങ്ങൾ വെക്കാറുണ്ട്. മാനാഞ്ചിറയും പരിസരപ്രദേശവും ഇത്തരത്തിൽ ബോർഡുകൾ വെക്കുന്നതിൽനിന്ന് മുക്തമാക്കാൻ ആലോചിച്ചിരുന്നെങ്കിലും അതൊന്നും ഫലപ്രദമായി നടപ്പായില്ല. ബീച്ചിൽ നടപ്പാത കൈയേറിവരെ ഫ്ളെക്സും ബാനറുകളുമുണ്ട്. ഡിവൈഡറുകളിലും സ്ഥാപിക്കുന്നുണ്ട്.

പിഴചുമത്തും

കോർപ്പറേഷൻ ആരോഗ്യവിഭാഗം, റവന്യൂ, ടൗൺപ്ലാനിങ് വിഭാഗങ്ങൾ ചേർന്നുള്ള സ്ക്വാഡാണ് പരിശോധന നടത്തി ഇവ നീക്കംചെയ്യുന്നത്. വിവിധ സ്ക്വാഡുകളായി തിരിച്ചാണ് പരിശോധന. ബിൽഡിങ് ഇൻസ്പെക്ടർ, റവന്യൂ ഇൻസ്പെക്ടർ, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിലാണ് സ്ക്വാഡ്. ശുചീകരണത്തൊഴിലാളികളാണ് ഇവ നീക്കി കോർപ്പറേഷൻ ഓഫീസിനു സമീപത്തേക്ക് കൊണ്ടുപോകുന്നത്. നേരത്തേ, വിസ്തൃതിക്കനുസരിച്ച് പിഴത്തുക മാറുമായിരുന്നു.

എന്നാലിപ്പോൾ 5000 രൂപയാണ് എല്ലാതരം ബോർഡുകൾക്കും ബാനറുകൾക്കും ഈടാക്കുകയെന്ന് കോർപ്പറേഷൻ അധികൃതർ പറഞ്ഞു. സംഘടനകളുടേതാണെങ്കിൽ അതിന്റെ സംഘാടകരിൽനിന്നും രാഷ്ട്രീയപ്പാർട്ടികളാണെങ്കിൽ അതിന്റെ ചുമതലപ്പെട്ടവരിൽനിന്നും പണമീടാക്കാം. ബുധനാഴ്ച കല്ലായി, റെയിൽവേ, മലാപ്പറമ്പ്, നഗരത്തിന്റെ മറ്റുഭാഗങ്ങൾ എന്നിവിടങ്ങളിൽനിന്നെല്ലാം ഫ്ളെക്സുകളും ബാനറുകളും നീക്കി. തുടർന്നുള്ള ദിവസങ്ങളിലും സ്ക്വാഡ് ഇവ നീക്കംചെയ്യും.

ഒടുവിൽ നീക്കിത്തുടങ്ങി

കോഴിക്കോട് : ദിവസം നൂറുകണക്കിനുപേർ ചികിത്സയ്ക്കെത്തുന്ന കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ഗവ. ആശുപത്രിക്കുമുന്നിലുള്ള റോ‍ഡരികിലൂടെ നടക്കണമെങ്കിൽ പാടുപെടും. ചിലയിടങ്ങളിൽ നടപ്പാത പൊളിഞ്ഞുകിടക്കുകയാണ്. പോരാത്തതിന് ഇരുചക്രവാഹനങ്ങളുടെ ‘പാർക്കിങ് കേന്ദ്രം’ കൂടിയാണ് ഈ ഭാഗം. കാൽനടയാത്രക്കാർ റോഡിലിറങ്ങിനടക്കേണ്ട സ്ഥിതിയാണിവിടെ.

ഏറ്റവുംതിരക്കേറിയ മുതലക്കുളം-പാളയം റോഡാണിത്. ഈ ഭാഗത്തുകൂടി നടക്കണമെങ്കിൽ ഗർഭിണികളും കുട്ടികളും കുറച്ചേറെ കഷ്ടപ്പെടും. വാഹനങ്ങൾ നടപ്പാത കൈയേറി നിർത്തിയിടുന്നതിനാൽ കാൽനടക്കാർ റോഡിലിറങ്ങിനടക്കേണ്ട ഗതികേടിലാണ്.

ആശുപത്രി കാന്റീനുസമീപം നടപ്പാത കയർകെട്ടിത്തിരിച്ചിട്ടുണ്ട്. സിറ്റി ട്രാഫിക് പോലീസ് റോഡിൽ ‘നോ പാർക്കിങ്’ ബോർഡും സ്ഥാപിച്ചിട്ടുമുണ്ട്. എന്നാൽ, അതിനുശേഷമുള്ള ഭാഗത്താണ് നടപ്പാത മുഴുവൻ പൊളിഞ്ഞുകിടക്കുന്നതും വാഹനങ്ങൾ പാർക്കുചെയ്തിരിക്കുന്നതും.

മൊയ്തീൻപള്ളിയുടെ അരികിലും ഒരു ‘നോ പാർക്കിങ്’ ബോർഡുണ്ട്. ഓട്ടോറിക്ഷകൾ പാർക്കുചെയ്യുന്നത് നിരോധിച്ചുകൊണ്ട്, ടൗൺ പോലീസാണ് ഇതുവെച്ചിട്ടുള്ളത്. എന്നാൽ, ഇതിന്റെ ഇടയിലുള്ള ഭാഗത്ത് നടപ്പാത ഒരു ട്രാഫിക് കോൺ വെച്ചുപോലും തിരിച്ചിട്ടില്ല. “ഇവിടെ നടപ്പാതയായിരുന്നു. കടകളൊക്കെ പിന്നീട് വന്നതാണ്. ഇപ്പോൾ നടപ്പാതയാകെ പൊളിഞ്ഞു. പലയിടത്തും നടപ്പാതയിലും കച്ചവടമാണ്. നടന്നുപോകാൻപോലും പ്രയാസമാണ്” -ആശുപത്രിലേക്ക് പോകുന്നതിനിടെ ചാലപ്പുറത്തെ ഗൗരി പറഞ്ഞു.

flux board in calicut city

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post