കൂത്താളി ജില്ലാ കൃഷിഫാമിൽ ക്രിസ്മസ് ട്രീക്കായി തയ്യാറാക്കിയ ഗോൾഡൻ സൈപ്രസ് തൈകൾ |
വിൽപ്പന സർക്കാർ ഫാമുകൾ വഴി
പേരാമ്പ്ര : ഇത്തവണ ക്രിസ്മസ് അലങ്കാരത്തിന് പ്ലാസ്റ്റിക് ട്രീകൾ തേടിപ്പോകേണ്ടിവരില്ല. ആഘോഷം പരിസ്ഥിതിസൗഹൃദമാക്കാൻ ചട്ടിയിൽ നട്ടുവളർത്തിയ നിത്യഹരിത ക്രിസ്മസ് ട്രീ വിൽപ്പനയ്ക്കൊരുക്കിയിരിക്കുകയാണ് കൃഷിവകുപ്പിനു കീഴിലുള്ള സർക്കാർ കൃഷിഫാമുകൾ. മുറ്റത്തോ വീടിനകത്തോ സൗകര്യപ്രദമായി അലങ്കരിച്ച് ക്രിസ്മസ് ട്രീ ഒരുക്കാം. ഗോൾഡൻ സൈപ്രസ് ഇനത്തിൽപ്പെട്ട തൈകളാണ് വിൽപ്പന നടത്തുന്നത്.
രണ്ടടിവരെ ഉയരത്തിലുള്ള തൈകൾക്ക് 250 രൂപയും അതിനു മുകളിലുള്ളവയ്ക്ക് 300 രൂപയുമാണ് വില. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ ഇവ കൃഷിഫാമുകളിൽനിന്ന് വാങ്ങാം. വിവിധയിനം ചെടികളും വിത്തുകളും ലഭ്യമാക്കാറുണ്ടെങ്കിലും ആദ്യമായാണ് ഫാമുകളിൽ ക്രിസ്മസ് ട്രീ തൈകൾ വളർത്തി വിൽപ്പന നടത്താൻ പദ്ധതിയൊരുങ്ങിയത്. പേരാന്പ്ര, കൂത്താളി, പുതുപ്പാടി, തിക്കോടി സർക്കാർ കൃഷിഫാമുകളിൽ ലഭ്യമാകും.
കൂത്താളി ജില്ലാ കൃഷിഫാമിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി വിപണന ഉദ്ഘാടനം നിർവഹിച്ചു. ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വി.പി. ജമീല അധ്യക്ഷയായി. ഫാം സൂപ്രണ്ട് കെ.വി. നൗഷാദ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു തുടങ്ങിയവർ സംസാരിച്ചു. പേരാമ്പ്രയിലെ സംസ്ഥാന സീഡ് ഫാമിൽ തൈകളുടെ വിപണന ഉദ്ഘാടനം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ. ലിസി ആന്റണി നിർവഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ രജനി മുരളീധരൻ, ബീനാ നായർ, കെ.ജി. ഗീത, കൂത്താളി ഫാം സൂപ്രണ്ട് കെ.വി. നൗഷാദ് എന്നിവർ സംസാരിച്ചു. സീനിയർ കൃഷി ഓഫീസർ പി. പ്രകാശ് പദ്ധതി വിശദീകരിച്ചു.
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.