കേരളത്തിലെ ആദ്യ ഡീപ്ഫേക് തട്ടിപ്പ്; പ്രതികളെ ഗോവയിലെ ചൂതാട്ട കേന്ദ്രത്തില്‍ നിന്ന് പൊക്കി പൊലീസ്



കോഴിക്കോട്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഡീപ്ഫേക്ക് സാങ്കേതികവിദ്യയും ഉപയോഗിച്ച് വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. തട്ടിപ്പിനായി സിം കാര്‍ഡുകളും ബാങ്ക് അക്കൗണ്ടുകളും സംഘടിപ്പിക്കുകയും വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സഹായം നല്‍കുകയും ചെയ്ത മഹാരാഷ്ട്ര സ്വദേശികളായ അമരീഷ് അശോക് പാട്ടീല്‍, സിദ്ധേഷ് ആനന്ദ് കാര്‍വെ എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. 


ഈ കേസില്‍ നേരത്തെ അറസ്റ്റിലായ ഷെയ്ക്ക് മുര്‍ത്തുസാമിയ ഹയാത്ത് ഭായ് എന്നയാള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഗോവന്‍ കാസിനോകളില്‍ സ്ഥിരമായി ചൂതാട്ടത്തില്‍ ഏര്‍പ്പെടുന്ന ഇവര്‍ ഗോവയിലെ ചൂതാട്ട കേന്ദ്രങ്ങളിലും സമീപ സ്ഥലങ്ങളിലും കോഴിക്കോട് സിറ്റി സൈബര്‍ പൊലീസും സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്. മൊബൈല്‍ ഫോണുകളും നമ്പറുകളും മാറി മാറി ഉപയോഗിക്കുകയും താമസ സ്ഥലങ്ങള്‍ നിരന്തരം മാറുകയും ചെയ്യുന്ന പ്രതികളെ ചൂതാട്ട കേന്ദ്രങ്ങള്‍ നിറഞ്ഞ ഗോവയിലെ പഞ്ചിമില്‍ നിന്നാണ് കണ്ടെത്തിയത്. പ്രതികള്‍ നിരവധി ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. തട്ടിപ്പിന് ഉപയോഗിക്കുന്ന ആറ് മൊബൈല്‍ ഫോണുകളും 30ല്‍ അധികം സിം കാര്‍ഡുകളും പത്തില്‍ അധികം എടിഎം കാര്‍ഡുകളും ബാങ്ക് ചെക്ക് ബുക്കുകളും ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നു വിരമിച്ച കോഴിക്കോട് സ്വദേശിയെ ജോലി ചെയ്തിരുന്ന സുഹൃത്തിന്റെ ശബ്ദവും വീഡിയോ ഇമേജും വ്യാജമായി നിര്‍മ്മിച്ച് ആശുപത്രി ചെലവിനെന്ന വ്യാജേന 40,000 രൂപ തട്ടിയെടുത്ത പരാതിയിലായിരുന്നു അന്വേഷണം. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ എസ്. എച്ച്. ഒ ദിനേശ് കോറോത്ത്, സബ് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍ എം, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബീരജ് കുന്നുമ്മല്‍, സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ് ഇന്‍സ്‌പെക്ടര്‍ ഒ.മോഹന്‍ദാസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീജിത്ത് പടിയാത് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

kerala deepfake fraud case two more arrested from goa

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post