ഫറോക്ക് : ഫറോക്കിലെ കോമൺവെൽത്ത് ഓട്ടുകമ്പനിയിലെ രണ്ടുചൂളയിൽനിന്ന് ഒരുദിവസം പുറത്തേക്കെത്തിയിരുന്നത് നാൽപ്പതിനായിരം ഓടുകളായിരുന്നു. ഇതുപോലെ ഫറോക്ക് മേഖലയിലെ പതിമ്മൂന്ന് ചൂളകളിൽനിന്ന് അക്കാലത്ത് പുറത്തേക്കെത്തിയിരുന്നത് പതിനായിരക്കണക്കിന് ഓടുകളായിരുന്നു. അതെല്ലാം പോയകാലത്തിന്റെ കഥ.
ഇന്ന് കോമൺവെൽത്ത് ഓട്ടുകമ്പനി ഒഴികെ ബാക്കിയെല്ലാം മിഴിപൂട്ടി. കോമൺവെൽത്ത് കമ്പനിയിലെ രണ്ടുചൂളകളിൽ ഒന്നുമാത്രമാണ് ഇന്ന് പ്രവർത്തിക്കുന്നത്. അതും ആഴ്ചയിൽ ഒരുപ്രാവശ്യം മാത്രം. അഞ്ഞൂറിൽപ്പരം തൊഴിലാളികൾ ഉണ്ടായിരുന്ന കമ്പനിയിൽ ഇപ്പോൾ ഇരുന്നൂറ് തൊഴിലാളികൾ. കടൽകടന്നുപോയിരുന്ന ഓടിന്റെ സുവർണകാലം ഇന്ന് ഓർമമാത്രം. രണ്ടുവർഷംമുമ്പാണ് കേരളത്തിലെ ആദ്യത്തെ ഓട്ടുകമ്പനിയായ കാലിക്കറ്റ് ടൈൽസ് പൂട്ടിയത്. ഏറ്റവുമവസാനം താഴ് വീണത് തൊഴിലാളികൾ നടത്തുന്ന ചെറുവണ്ണൂരിലെ സ്റ്റാൻഡേഡ് ഓട്ടുകമ്പനിക്കും. ഓടുനിർമാണത്തിലെ പ്രധാന അസംസ്കൃതവസ്തുവായ കളിമണ്ണ് കിട്ടാത്തതാണ് ഈ വ്യവസായം അന്യംനിന്നുപോവുന്നതിന് പ്രധാനകാരണം. കൂടാതെ തായ്‌വാൻ, ചൈന, വിയറ്റ്നാം ഓടുകൾകൂടി വിപണി കൈയേറിയതും കോൺക്രീറ്റ് വീടുനിർമാണവും ഓടുവ്യവസായത്തെ പിന്നോട്ടടുപ്പിച്ചു.
Read also: പ
ഇന്ന് രണ്ടുകമ്പനികൾമാത്രം
കേരളത്തിൽ ആദ്യമായി ഓടുവ്യവസായത്തിന് അടിത്തറപാകിയത് 1878-ൽ തമിഴ്നാട് നടരാജ മുതലിയാർ ഗ്രൂപ്പ് ആയിരുന്നു. 1970 മുതൽ 2000 വരെ സുവർണകാലഘട്ടങ്ങളിലൂടെ കടന്നുപോയി. അറേബ്യൻ നാടുകൾ, മ്യാൻമാർ, ഭൂട്ടാൻ, സിംഗപ്പൂർ വരെ ഫറോക്കിന്റെ ഓടുകൾ കയറിച്ചെന്നു.
എന്നാൽ പിന്നീടങ്ങോട്ട് കിതപ്പുതുടങ്ങി. മോഡേൺ ടൈൽ, ഫറോക്ക് ടൈൽ, കാലിക്കറ്റ് ടൈൽ, സ്റ്റാൻഡേഡ്, കേരള, ഭാരത്, വെസ്റ്റ് കോസ്റ്റ്, ഹിന്ദുസ്ഥാൻ, നാഷണൽ, കോമൺവെൽത്ത്, സ്വദേശി, കേരള സിറാമിക്‌സ് ആൻഡ് ടൈൽ എന്നിങ്ങനെ 13-ഓളം ഓട്ടുകമ്പനികളുണ്ടായിരുന്നു. എന്നാൽ ഇന്ന് അവശേഷിക്കുന്നത് കോമൺവെൽത്ത് മാത്രം.
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.