വൈകിട്ടോടെ സ്വകാര്യ ബസുകൾ ഒഴിഞ്ഞ് വിജനമാകുന്ന നരിക്കുനി ബസ് സ്റ്റാൻഡ്.
നരിക്കുനി ∙ സ്വകാര്യ ബസുകൾ നേരത്തെ സർവീസുകൾ അവസാനിപ്പിക്കുന്നതിനാൽ രാത്രി യാത്രക്കാർ പ്രതിസന്ധിയിൽ. പകൽ മത്സരിച്ചോടുന്ന ബസുകളാണ് രാത്രി നിശ്ചിത സമയം വരെ സർവീസ് നടത്താതെ മുങ്ങുന്നത്.നരിക്കുനിയിൽ നിന്നു മെഡിക്കൽ കോളജ്, എരവന്നൂർ, പുല്ലാളൂർ – പാലത്ത് കോഴിക്കോട്, ബാലുശ്ശേരി, കാക്കൂർ റൂട്ടുകളിൽ വലിയ യാത്രാ ദുരിതം നേരിടുന്നു. മുൻപ് രാത്രി 8 വരെ ബസുകൾ സർവീസ് നടത്തിയിരുന്ന മെഡിക്കൽ കോളജ് റൂട്ടിൽ ഇപ്പോൾ 6.40നു ശേഷം ബസുകൾ ഇല്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. 7.50ന് ശേഷം പാലത്ത് – കോഴിക്കോട് റൂട്ടിലും 6.45നു ശേഷം ബാലുശ്ശേരി റൂട്ടിലും ബസുകൾ ഓടുന്നില്ല.
പെർമിറ്റ് പ്രകാരം രാത്രി എട്ടര വരെ ബാലുശ്ശേരി റൂട്ടിൽ ബസ് സർവീസ് നിലവിലുണ്ട്. 8.20 വരെ സർവീസ് നടത്തേണ്ട കാക്കൂർ റൂട്ടിൽ 6.20 വരെയാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.രാത്രി യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് ഒട്ടേറെ പരാതികൾ നൽകിയെങ്കിലും നടപടികൾ ഉണ്ടായില്ല.ടാക്സികൾ പോലും കിട്ടാതെ ഒട്ടേറെ ആളുകളാണ് നിത്യേന വലയുന്നത്. സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർക്ക് നരിക്കുനി നിന്നു രാത്രി ലക്ഷ്യ സ്ഥാനങ്ങളിൽ എത്തുക ദുഷ്കരമാണ്.