സിറ്റിഗ്യാസ് ഉടൻ 1600 വീടുകളിലേക്കുകൂടി



കോഴിക്കോട് : ജില്ലയിൽ 1600 വീടുകളിൽ കൂടി പൈപ്പ്‌ലൈൻവഴി പാചകവാതകം ലഭ്യമാക്കുന്ന സിറ്റി ഗ്യാസ് ഉടൻ ലഭ്യമാകും. പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കിയ ഉണ്ണികുളം പഞ്ചായത്തിൽ നിലവിൽ 600 വീടുകളിൽ പാചകവാതകം ലഭിക്കുന്നുണ്ട്. ഉണ്ണികുളം പഞ്ചായത്തിന് പുറമേ കാക്കൂർ, നരിക്കുനി, നന്മണ്ട, കിഴക്കോത്ത്, പനങ്ങാട്, ബാലുശ്ശേരി പഞ്ചായത്തുകളിൽ വാതക വിതരണത്തിനുള്ള എം.ഡി.പി.ഇ. പൈപ്പ്‌ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
ഉണ്ണികുളം പഞ്ചായത്തിലെ ഏകരൂരിൽ നിന്നാരംഭിച്ച് താമരശ്ശേരി, കൊടുവള്ളിവഴി കുന്ദമംഗലംവരെ എത്തി നിൽക്കുന്ന പ്രധാന പൈപ്പ്‌ലൈൻ കോഴിക്കോട് നഗരത്തിലെത്തിക്കാനുള്ള പ്രവൃത്തികൾ തുടങ്ങിയിട്ടുണ്ട്. നിലവിൽ നല്ലളം, വട്ടക്കിണർ, ബേപ്പൂർ, ചക്കുംകടവ്, മാനാഞ്ചിറ, മാവൂർ റോഡ് ജങ്ഷൻ, വെസ്റ്റ്‌ഹിൽ, പുതിയങ്ങാടി, പാവങ്ങാട്, ബിലാത്തികുളം, അരയിടത്തുപാലം, കോവൂർ, വാപ്പോളിത്താഴം പ്രദേശങ്ങളിൽ പൈപ്പ്സ്ഥാപിക്കുന്ന പ്രവൃത്തികൾ 56 കിലോമീറ്റർ ദൂരം പൂർത്തിയായി. കുന്ദമംഗലത്തുനിന്നാരംഭിച്ച പ്രവൃത്തി വര്യട്ട്യാക്ക്, മിൽമ, സി.ഡബ്യു.ആർ.ഡി.എം., മുണ്ടിക്കൽതാഴം വഴി കോവൂർ ജങ്ഷനിലെ പൈപ്പ്‌ലൈനുമായി ബന്ധിപ്പിക്കുന്നതോടെ നഗരത്തിലേക്കുള്ള വാതക വിതരണം ആരംഭിക്കും.

ചേവായൂർ പാർക്ക്, കല്യാൺ കോർട്ട്‌യാർഡിന് എതിർവശം, മാനാഞ്ചിറ, തളി ,ഗരുഡൻകുളം ,ബീച്ച് പ്രദേശങ്ങളിൽ കോഴിക്കോട് കോർപ്പറേഷനിൽനിന്ന് സ്ഥലം വാടകയ്ക്കെടുത്ത് പാചകവാതക വിതരണത്തിന് ആവശ്യമായ ഡിസ്ട്രിക്ട് റെഗുലേറ്റിങ് സ്കിഡുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

സ്ഥലം വാടകയ്ക്ക് നൽകാനുള്ള അപേക്ഷ കോർപ്പറേഷനിൽ സമർപ്പിക്കുകയും കൗൺസിൽ അനുമതി ലഭിക്കുകയും ചെയ്തു. റവന്യു പകുപ്പ് വാടക നിശ്ചയിക്കുന്ന നടപടിയാണ് നിലവിൽ പുരോഗമിക്കുന്നത്. അനുമതി ലഭിക്കുന്ന പക്ഷം കോർപ്പറേഷൻ നിർദേശി ക്കുന്ന വാടക നൽകാൻ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് സന്നദ്ധത അറിയിച്ചിട്ടുണ്ട് .

കൂടുതൽ സി.എൻ.ജി പമ്പുകൾ സ്ഥാപിക്കും

സി.എൻ.ജി. പമ്പുകൾ ജില്ലയിൽ 18 എണ്ണവും വയനാട് ജില്ലയിൽ മൂന്നെണ്ണവും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഏകരൂൽ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പമ്പ് , കൂളിമാട് പറയങ്ങാട് ഫ്യുവൽസ് ,പതിമംഗലം പി.കെ. പെട്രോളിയം ,ചെറുവണ്ണൂർ പി. എം. കുട്ടി ,പയ്യോളി സി.കെ. പെട്രോളിയം ,മീനങ്ങാടി മൂസ ഫ്യുവൽസ് എന്നിവിടങ്ങളിൽ വാതക വിതരണത്തിനുള്ള പ്രവൃത്തികൾ പൂർത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ചേളന്നൂർ ,മേപ്പയൂർ ,വടകര മേഖലയിൽ ഓരോ പമ്പുകൾ വീതം പ്രവൃത്തികൾ പുരോഗമിക്കുകയാണ്. അത്തോളി ,കൊയിലാണ്ടി ,അരയിടത്തുപാലം ,എരഞ്ഞിപ്പാലം ,താമരശ്ശേരി ,മുക്കം ,കൂരാച്ചുണ്ട്,പേരാമ്പ്ര ,തിരുവമ്പാടി,കോക്കല്ലൂർ വയനാട് ജില്ലയിൽ വൈത്തിരി ,കാവുംമന്ദം എന്നീ സ്ഥലങ്ങളിൽ പുതിയ പമ്പുകൾ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക പ്രവൃത്തികൾ പുരോഗമിക്കുകയാണ്.

സെപ്റ്റംബർ മുതൽ കോഴിക്കോട്, വയനാട് ജില്ലകളിയായി 150-ഓളം വാഹനങ്ങൾ സി.എൻ.ജി.യിലേക്കു മാറിയിട്ടുണ്ട്.
Previous Post Next Post