ഡ്രൈവര്‍ക്ക് തലകറക്കം; നിയന്ത്രണം വിട്ട് ബസ്, കോഴിക്കോട് സംഭവിച്ചത്കോഴിക്കോട്: ഡ്രൈവര്‍ക്ക് തലചുറ്റല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് ഇടിച്ചു കയറി രണ്ട് വീടിന്റെ മതിലുകളും ഒരു വീടിന്റെ സണ്‍ഷേഡും തകര്‍ന്നു. കമ്പിളിപ്പറമ്പ്- മെഡിക്കല്‍ കോളേജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന പി.എം.എ ബസാണ് അപകടത്തില്‍പ്പെട്ടത്. സാരമായി പരുക്കേറ്റ ഡ്രൈവര്‍ മാറാട് സ്വദേശി വിപിനി(29) നെയും ബസ് ജീവനക്കാരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഒടുമ്പ്ര കാവില്‍താഴം റോഡ് കമ്പിളിപ്പറമ്പില്‍ കഴിഞ്ഞ ദിവസം വൈകീട്ട് ഏഴേമുക്കാലോടെയാണ് അപകടമുണ്ടായത്. കമ്പിളിത്തൊടിയില്‍ കള്ളിക്കുന്ന് ഇറക്കത്തില്‍ വെച്ചാണ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. ഡ്രൈവര്‍ക്ക് തലകറക്കം ഉണ്ടായതാണ് അപകടത്തിന് കാരണമായതെന്ന് യാത്രക്കാര്‍ പറയുന്നു. കമ്പിളിയില്‍ ഹൗസില്‍ ചേക്കുട്ടിയുടെ വീടിന്റെ ഗേറ്റും മതിലും അരുണ്‍ കുമാറിന്റെ മതിലും പൊന്‍മാടത്ത് സക്കീറിന്റെ വീടിന്റെ സണ്‍ഷേഡുമാണ് തകര്‍ന്നത്.
സീറ്റിനും സ്റ്റിയറിങ്ങിനും ഇടയില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ മീഞ്ചന്ത ഫയര്‍ഫോഴസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. കയര്‍കെട്ടി ബസ് പിറകിലേക്ക് വലിച്ച് നീക്കുകയായിരുന്നു. സക്കീറിന്റെ വാടകക്ക് നല്‍കിയ വീടിന്റെ സണ്‍ഷേഡിലേക്കാണ് ബസ് ഇടിച്ചുകയറിയത്. ഈ സമയം താമസക്കാര്‍ ആരും പുറത്ത് ഇറങ്ങാത്തതും വലിയ അപകടം ഒഴിവാക്കി. ബസ് ക്രെയിന്‍ ഉപയോഗിച്ച് ഇവിടെ നിന്നും നീക്കിയിട്ടുണ്ട്.

kozhikode bus lost control and overturned
Previous Post Next Post