
കോഴിക്കോട്: കോഴിക്കോട്ട് അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോൾ, ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ നിർമിക്കാനുള്ള പദ്ധതികൾ ഭൂമി ലഭ്യമല്ലാത്തതിനാൽ നീളുന്നു. മികച്ച സ്റ്റേഡിയമില്ലാത്തത് ദേശീയ, അന്തർദേശീയ മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കാനും കായികരംഗത്തെ വികസനത്തിനുമുള്ള കോഴിക്കോടിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയാവുകയാണ്.
സ്പോർട്സ് സിറ്റിക്ക് വേണം നൂറേക്കർ
സ്പോർട്സ് കൗൺസിലിന്റെയും സർക്കാരിന്റെയും സഹകരണത്തോടെ നടപ്പാക്കാനുദ്ദേശിക്കുന്ന സ്പോർട്‌സ് സിറ്റി പദ്ധതിക്ക് നഗരപരിധിയിലോ സമീപ പ്രദേശങ്ങളിലോ നൂറേക്കർ ഭൂമി ആവശ്യമാണ്. തിരുവനന്തപുരത്ത് നടന്ന സ്പോർട്സ് സമ്മിറ്റിൽ പദ്ധതി അവതരിപ്പിച്ചിരുന്നതായി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ പറഞ്ഞു. രണ്ട് ഫുട്ബോൾ സ്റ്റേഡിയങ്ങളാണ് പദ്ധതിയിലുള്ളത്. ഒന്ന് മത്സരങ്ങൾ നടത്താനും മറ്റൊന്ന് പരിശീലനത്തിനും. കൂടാതെ, ഇൻഡോർ സ്റ്റേഡിയവും മറ്റ് അനുബന്ധ സൗകര്യങ്ങളും ഉണ്ടാവും. വരുമാനത്തിനായി ഷോപ്പിങ്ങ് മാളുകൾ പോലുള്ളവ ഉൾപ്പെട്ടതാണ് പദ്ധതി.
Read also: പ
പൊതു, സ്വകാര്യമേഖലകൾ ചേർന്നുള്ള കൺസോർഷ്യം രൂപവത്കരിച്ചാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് ടി.പി. ദാസൻ വ്യക്തമാക്കി. നഗരപരിധിയിൽ ഇത്രയേറെ സ്ഥലം കിട്ടാൻ ഏറെ പ്രയാസമാണെന്നതാണ് പദ്ധതിക്ക് വിഘാതമാവുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബേപ്പൂർ, രാമനാട്ടുകര പ്രദേശങ്ങളിലെ സർക്കാർ അധീനതയിലുള്ള സ്ഥലങ്ങൾ പരിഗണനയിലുണ്ട്. മാവൂർ ഗ്വാളിയോർ റയോൺസിന്റെ സ്ഥലം ലഭ്യമാക്കാനും ശ്രമം നടത്തും. എന്നാൽ, പ്രായോഗികപ്രശ്നങ്ങൾ നിരവധിയുണ്ട്.
ക്രിക്കറ്റ് സ്റ്റേഡിയത്തിനും കാത്തിരിപ്പ്
ഒട്ടേറെ മികച്ചതാരങ്ങളെ സംഭാവന ചെയ്തിട്ടുണ്ടെങ്കിലും മികച്ച സ്റ്റേഡിയങ്ങളില്ലാത്തത് കോഴിക്കോട് ജില്ലയിൽ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് തടസ്സമാണ്. ദേശീയപ്രാധാന്യമുള്ള മത്സരങ്ങൾക്ക് വേദിയൊരുക്കാനും സ്റ്റേഡിയമില്ലാത്തതുകൊണ്ട് കോഴിക്കോടിന് കഴിയാതെ പോവുന്നു. ഇക്കാര്യങ്ങൾ പരിഗണിച്ച് ജില്ലയിൽ ഫസ്റ്റ്ക്ലാസ് മത്സരങ്ങൾ നടത്താൻ നിലവാരമുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമാണത്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചത്.സൗകര്യപ്രദമായ ഭൂമി ലഭിക്കാനുള്ള തടസ്സങ്ങൾ കാരണം പദ്ധതി നീളുകയാണ്. സ്റ്റേഡിയത്തിന് സ്ഥലം കണ്ടെത്താൻ കഴിഞ്ഞ ഏപ്രിലിൽ അസോസിയേഷൻ ഭൂവുടമകളിൽനിന്ന് താത്‌പര്യപത്രം ക്ഷണിക്കുകയും ചെയ്തു. നഗരത്തിൽനിന്ന് അധികം ദൂരെയല്ലാത്ത പ്രദേശങ്ങളിൽ 10 മുതൽ 12 ഏക്കർസ്ഥലമാണ് വാങ്ങാൻ ഉദ്ദേശിക്കുന്നത്. മൂന്നുനാലു ഭൂവുടമകൾ സ്ഥലംനൽകാൻ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
പരിഗണനയിലുള്ള സ്ഥലങ്ങളിൽ ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇതിനായി കെ.സി.എ. സമിതി സ്ഥലം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തും. ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒത്തിണങ്ങിയ ഭൂമി ലഭിക്കാൻ പ്രയാസമാണെന്നാണ് അസോസിയേഷൻ വൃത്തങ്ങൾ നൽകുന്ന സൂചന. സ്ഥലം വാങ്ങാൻ ഭൂപരിധിനിയമത്തിൽ ഇളവ് ലഭിക്കേണ്ടതുണ്ടെന്നും ഇതിനായി സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും കെ.സി.എ. സെക്രട്ടറി വിനോദ് എസ്. കുമാർ പറഞ്ഞു. അനുമതി ലഭിച്ചശേഷമേ ഭൂവുടമകളുമായി സംസാരിച്ച് തുടർനടപടികൾ മുന്നോട്ടുപോവാൻ സാധിക്കൂ.