കോഴിക്കോട് : നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിച്ച് മുഖച്ഛായതന്നെ മാറ്റുന്ന നഗരപാതാ വികസന പദ്ധതിയിലെ റോഡുകൾക്കായി 1312.67 കോടി അനുവദിച്ചു. നഗരപാത രണ്ടാംഘട്ടത്തിലുൾപ്പെട്ട (സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ്) 12 റോഡുകൾക്കായാണ് സർക്കാർ തുക അനുവദിച്ചത്.
12 റോഡുകൾ ആകെ 45.28 കിലോമീറ്റർ നീളത്തിലാണ് വികസിപ്പിക്കുന്നത്. നിലവിൽ ഭൂമി ഏറ്റെടുക്കലിനും നിർമാണത്തിനുമായാണ് 1312.7 കോടി അനുവദിച്ചത്. ഭൂമിയേറ്റെടുക്കാൻ 720.39 കോടിയും റോഡ് നിർമാണത്തിന് 592.28 കോടിയുമാണുള്ളത്. മാനാഞ്ചിറ-പാവങ്ങാട് റോഡിന്റെ ഭൂമിയേറ്റെടുക്കാനാണ് ഏറ്റവും കൂടുതൽ തുക അനുവദിച്ചിട്ടുള്ളത്-189.12 കോടി. നിർമാണത്തിനുള്ള തുകയ്ക്ക് പുറമേയാണിത്.
2020-ൽ തന്നെ നഗരപാത രണ്ടാംഘട്ട റോഡുകളുടെ സർവേ പൂർത്തിയായിരുന്നു. പൊതുമരാമത്ത് ഡിസൈൻ വിഭാഗം തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദപദ്ധതിരേഖ തയ്യാറാക്കിയത്. കോവിഡും മറ്റ് പല കാരണങ്ങളാലും പദ്ധതി നീണ്ടു.
Read also: പ
മന്ത്രി പി.എ. മുഹമ്മദ് റിയാസ് മൂന്നുവട്ടം റോഡ് വികസനവുമായി ബന്ധപ്പെട്ട് ധനമന്ത്രിയുമായി ചർച്ചനടത്തി. കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ അത്തരം ശ്രമത്തിന്റെ ഫലമായാണ് 1312 കോടിക്ക് അനുമതിയായിട്ടുള്ളത്.
നഗരം മാറും
നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള വികസനം സാധ്യമാകുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. നിലവിലുള്ള പല ചെറിയ റോഡുകളും വികസിക്കുന്നതോടെ വിവിധ ഭാഗങ്ങളിലേക്കുള്ള ഗതാഗതം എളുപ്പമാവും.
കോതിപ്പാലം-ചക്കുംകടവ്-പന്നിയങ്കര മേൽപ്പാലം റോഡ് തീരമേഖലയിലുള്ളവർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്. മീഞ്ചന്ത ഭാഗത്ത് മേൽപ്പാലത്തിനുള്ള അനുമതി നേരത്തേ തന്നെയായതാണ്. അതിനൊപ്പം കല്ലുത്താൻകടവ് മീഞ്ചന്ത റോഡും രാമനാട്ടുകര-വട്ടക്കിണർ റോഡ് വികസനവുമെല്ലാം യാഥാർഥ്യമാകുന്നതോടെ നഗരത്തിലേക്കും പുറത്തേക്കുമുള്ള ഗതാഗതം എളുപ്പമാവും.
സരോവരത്തുകൂടിവരുന്ന മിനി ബൈപ്പാസ്- സി.ഡബ്ല്യു.ആർ.ഡി.എം.- പനാത്തുതാഴം മേൽപ്പാലം യാഥാർഥ്യമായാൽ നഗരത്തിലെ വലിയ ഗതാഗതക്കുരുക്കഴിയും. കളിപ്പൊയ്കയ്ക്ക് സമീപത്തുകൂടി 580 മീറ്റർ നീളമെങ്കിലും പ്രതീക്ഷിക്കുന്നതാണിത്. വയനാട് റോഡിലെയും മാവൂർ റോഡിലെയും കുരുക്കിൽപ്പെടാതെ പോകാം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇവിടേക്കെത്താം. തണ്ണീർത്തടത്തെയും കണ്ടൽച്ചെടികളെയും ബാധിക്കാത്ത രീതിയിലാവും നിർമാണം. കനാൽ സിറ്റി പദ്ധതി കൂടി യാഥാർഥ്യമായാൽ വലിയമാറ്റമുണ്ടാകും.നഗരപാത രണ്ടാംഘട്ടത്തിലെ 12 റോഡുകൾക്കാണ് തുക അനുവദിച്ചത്
ഭൂമിയേറ്റെടുക്കാൻ പ്രത്യേക ടീം
ഭൂമിയേറ്റെടുക്കൽ വലിയ വെല്ലുവിളിയാണ്. അതിനായി പ്രത്യേക ടീമിനെയുണ്ടാക്കും. റവന്യുമന്ത്രിയുമായി പ്രാഥമിക ചർച്ച നടത്തി. മുഖ്യമന്ത്രി, ധനമന്ത്രി തുടങ്ങിയവരുമായെല്ലാം ചർച്ച നടത്തുന്നുണ്ട്.
മന്ത്രി പി.എ. മുഹമ്മദ് റിയാസ്