യാത്രക്കാരെ ഇറക്കാനായില്ല; 180 യാത്രക്കാരുമായി കോഴിക്കോട് നിന്നും ദുബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി



ദുബൈ: ദുബൈയിലേക്ക് ഇന്നലെ പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ അനിശ്ചിതത്വത്തില്‍. കോഴിക്കോട് നിന്നും രാത്രി എട്ടു മണിക്ക് പോയ വിമാനം ദുബൈയിലിറക്കാനാകാതെ കരിപ്പൂരില്‍ തിരിച്ചെത്തി.

ഇന്നലെ രാത്രി മസ്കറ്റ് വിമാനത്താവളത്തിലിറക്കിയ വിമാനം പുലര്‍ച്ചെയാണ് കരിപ്പൂരിലെത്തിച്ചത്. 180ഓളം യാത്രക്കാരാണ് വിമാനത്തിലുള്ളത്. യാത്രക്കാരെ റാസല്‍ഖൈമയിലെത്തിക്കാന്‍ സൗകര്യമൊരുക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. റീഫണ്ട് നല്‍കാന്‍ തയ്യാറാണെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. 
കനത്ത മഴയെ തുടർന്ന് റൺവേയിൽ വെള്ളം കയറിയതോടെ രണ്ട് ദിവസത്തിനിടെ 1244 വിമാന സർവീസുകള്‍ റദ്ദാക്കുകയും 41 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തെന്ന് ദുബൈ വിമാനത്താവള അധികൃതർ അറിയിച്ചിരുന്നു. വിമാനത്താവള വക്താവിനെ ഉദ്ധരിച്ച് ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.


75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യുഎഇയിൽ പെയ്തത്. റോഡുകളിൽ വെള്ളക്കെട്ട് നീക്കാൻ ശ്രമം തുടരുകയാണ്. നാശനഷ്ടങ്ങൾ വളരെ വലുതാണ്. വെള്ളത്തിൽ മുങ്ങി നശിച്ച കാറുകൾ രാജ്യത്തെമ്പാടും ഉണ്ട്. വെള്ളം കയറിയ കടകളും നിരവധിയാണ്. അതേസമയം ദുബൈ മെട്രോയുടെ കൂടുതൽ സ്റ്റേഷനുകൾ സാധാരണ നിലയിലായി. മഴയ്ക്കായി ക്ലൌഡ് സീഡിങ് നടത്തിയിട്ടില്ലെന്നാണ് യുഎഇ കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കിയത്. മഴമേഘങ്ങൾക്കായി ക്ലൌഡ് സീഡിങ്ങനെ യുഎഇ ആശ്രയിക്കാറുണ്ട്. എന്നാൽ ഇക്കഴിഞ്ഞ മഴയ്ക്ക് കാരണം ക്ലൌഡ് സീഡിങ് അല്ല എന്നാണ് വിശദീകരണം. 

Air india flight to Dubai returned to Karipur without disembark passengers 
Previous Post Next Post