സിവിൽ സർവീസിലേക്കു കോഴിക്കോട് ജില്ലയിൽ നിന്ന് 6 പേർ

Trulli
പി.മഞ്ജിമ, മേഘ ദിനേശ്, എസ്.അമൃത, അശ്വന്ത് രാജ്, എ.റാഷിദ് അലി


കോഴിക്കോട്∙ സിവിൽ സർവീസെന്ന ലക്ഷ്യത്തിലേക്ക് ജില്ലയിൽനിന്ന് ഓടിയെത്തിയത് 6 പേരാണ്. സെറിബ്രൽ പാൽസിയെ അതിജീവിച്ച് സിവിൽ സർവീസ് നേടിയ കൊയിലാണ്ടി കീഴരിയൂർ സ്വദേശി ശാരികയുടെ നേട്ടത്തിനു തിളക്കമേറെയാണ്. പി.മഞ്ജിമ, മേഘ ദിനേശ്, എസ്.അമൃത, അശ്വന്ത് രാജ്, എ.റാഷിദ് അലി എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റു 5 പേർ. 


എംബിബിഎസ് പഠന ശേഷം സിവിൽ സർവീസ് സ്വപ്നത്തിനായി ഇറങ്ങിത്തിരിച്ച പി.മഞ്ജിമയ്ക്കു പറയാനുള്ളത് രണ്ടുവർഷത്തെ കഠിനപരിശ്രമത്തിന്റെ കഥയാണ്.  235ാം റാങ്കാണ് വടകര ലോകനാർകാവ് സ്വദേശി ഡോ. പി.മഞ്ജിമ നേടിയത്. 2022 സെപ്റ്റംബറിൽ എംബിബിഎസ് പഠനം പൂർത്തിയായി. ഒക്ടോബറിൽത്തന്നെ മഞ്ജിമ സിവിൽ സർവീസിനായി പഠനം തുടങ്ങി. കഴിഞ്ഞ 2 തവണയും പ്രിലിമിനറി ഘട്ടം കടക്കാത്തതിന്റെ നിരാശ തീർത്താണ് ഇത്തവണ മേഘ ദിനേശ്  268ാം റാങ്ക് നേടിയത്. തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസിൽ എൻജിനീയറിങ് ബിരുദം നേടിയ ശേഷം തിരുവനന്തപുരത്തു ‘കെയർസ്റ്റാക്ക്’ എന്ന സ്റ്റാർട്ടപ്പിൽ ഒന്നര വർഷത്തോളം ജോലി ചെയ്തു. പിന്നീടാണു സിവിൽ സർവീസ് പഠനത്തിലേക്കു തിരിഞ്ഞത്. ബിരുദാനന്തര ബിരുദ പഠനശേഷം സിവിൽ സർവീസിനായി പരിശ്രമം തുടങ്ങിയ ആളാണ് 398ാം റാങ്കുകാരിയായ കിഴക്കേ പേരാമ്പ്ര തണ്ടോറപ്പാറ സ്വദേശി എസ്.അമൃത. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഡവലപ്മെന്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദധാരിയാണ്.  അഞ്ചാം തവണയാണ് പരീക്ഷയെഴുതുന്നത്.
ജോലിക്കൊപ്പം പഠനവും ഒരുമിച്ചു കൊണ്ടുപോയാണ് അശ്വന്ത് രാജ് 577ാം റാങ്ക് നേടിയത്. എൻജിനീയറായ അശ്വന്ത് ജോലി രാജിവച്ച് രണ്ടുവർഷം തിരുവനന്തപുരത്തു സിവിൽ സർവീസ് പരിശീലനം നടത്തി. തുടർന്ന് ബെംഗളൂരുവിൽ ബോയിങ് കമ്പനിയിൽ എൻജിനീയറായി വീണ്ടും ജോലിക്കു ചേർന്നു. ജോലിയും പഠനവും സമയമനുസരിച്ചു ക്രമീകരിച്ചാണ് അശ്വന്ത് ഇത്തവണ പരീക്ഷയ്ക്കു തയാറെടുത്തത്.  പഠനവും പരിശീലനം നൽകലും ഒരേപോലെ കൊണ്ടുപോകുന്ന എ.റാഷിദ് ആലി 840ാം റാങ്കാണ് നേടിയത്. നജീബ് കാന്തപുരം എംഎൽഎ പെരിന്തൽമണ്ണയിൽ തുടങ്ങിയ സിവിൽ സർവീസ് അക്കാദമിയിലെ മെന്ററാണ് റാഷിദ് അലി.
Previous Post Next Post