
കോഴിക്കോട് : ലിങ്ക് റോഡിലെ മാജിക് ഫ്രെയിംസ് അപ്സര തിയേറ്ററിന് ബോംബ് ഭീഷണി. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് തിയേറ്ററിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ ഭീഷണിസന്ദേശമെത്തിയത്. സിനിമാപ്രദർശനം നടന്നുകൊണ്ടിരിക്കെയാണ് സന്ദേശം ലഭിച്ചത്.
തിയേറ്റർഭാരവാഹികൾ ടൗൺ സ്റ്റേഷനിലേക്ക് വിവരമറിയിച്ചതിനെത്തുടർന്ന് ബോംബ് സ്ക്വാഡും ടൗൺ പോലീസും പരിശോധനനടത്തി. പരിശോധനയിൽ ഒന്നുംകണ്ടെത്തിയില്ല. പിന്നീട് സന്ദേശത്തിന്റെ ഉറവിടമന്വേഷിക്കുകയും പത്തനംതിട്ട സ്വദേശിയാണ് ഭീഷണിസന്ദേശം അയച്ചതെന്ന് കണ്ടെത്തുകയുംചെയ്തു. അസിസ്റ്റന്റ് കമ്മിഷണർ കെ.ജി. സുരേഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഏതാനുംദിവസങ്ങൾക്കുമുമ്പാണ് അപ്സര നവീകരണത്തിനുശേഷം വീണ്ടും തുറന്നത്.