അമരാട് മല ടൂറിസം വികസനം:സാധ്യത പരിശോധിക്കുമെന്ന് മന്ത്രി



താമരശ്ശേരി : മലമുകളിൽനിന്ന് പ്രവഹിക്കുന്ന അതിമനോഹരമായ വെള്ളച്ചാട്ടങ്ങൾ, ജലസമൃദ്ധമായി പതഞ്ഞൊഴുകുന്ന നീർച്ചാലുകൾ, വള്ളിപ്പടർപ്പുകൾ തണൽവിരിച്ച നാട്ടുവഴികളിലൂടെയും അരുവി മുറിച്ചുകടന്നുമുള്ള ട്രക്കിങ് തുടങ്ങിയ പ്രത്യേകതകളാൽ സാഹസപ്രിയരായ വിനോദസഞ്ചാരികളെ ഏറെയാകർഷിക്കുന്ന അമരാട് മലയ്ക്ക് കാത്തിരിപ്പിനൊടുവിൽ തലവര തെളിയുന്നു. കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്തിലെ അമരാട് മലയിലുള്ള വെള്ളച്ചാട്ടങ്ങളിൽ അടിസ്ഥാനസൗകര്യവികസനം ഉണ്ടായിരുന്നില്ല. അമരാട് മലയിലെ ടൂറിസം സാധ്യതകൾ പരിശോധിക്കാൻ തീരുമാനിച്ചിരിക്കുകയാണ് വിനോദസഞ്ചാര വകുപ്പ്. വിഷയത്തിൽ ചോദ്യോത്തരവേളയിൽ വ്യാഴാഴ്ച ഡോ. എം.കെ. മുനീർ എം.എൽ.എ. ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇക്കാര്യം വ്യക്തമാക്കിയത്.
അമരാടിലെ വെള്ളച്ചാട്ടങ്ങളിലേക്കുള്ള നാലുകിലോമീറ്റർ റോഡ് നവീകരിച്ച് സഞ്ചാരയോഗ്യമാക്കാനും സുരക്ഷിതത്വം ഉറപ്പുവരുത്തി വിനോദസഞ്ചാരസാധ്യത ഉപയോഗപ്പെടുത്താനും നടപടി വേണമെന്നായിരുന്നു എം.കെ. മുനീർ എം.എൽ.എ. ആവശ്യപ്പെട്ടത്. മറ്റുവകുപ്പുകളുമായി ബന്ധപ്പെട്ടാണെങ്കിലും അവിടേക്കുള്ള റോഡൊരുക്കുന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി മറുപടിയിൽ വ്യക്തമാക്കി. അമരാടിൽ എവിടെയൊക്കെ വികസനം കൊണ്ടുവരാമെന്ന് പരിശോധിക്കുമെന്നും ഇതിനായി വകുപ്പുകളുടെ സംയുക്തയോഗം വിളിച്ചുചേർക്കുമെന്നും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഇടപെടൽ നടത്തുമെന്നും മന്ത്രി അറിയിച്ചു. അറിയപ്പെടുന്ന വലിയകേന്ദ്രങ്ങൾക്കുപകരം നാട്ടിലെ ഇത്തരം ചെറിയസ്ഥലങ്ങളിലേക്ക് വിനോദയാത്ര പോവുന്ന പ്രവണത വർധിച്ചുവരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

യാത്രാസൗകര്യവും ഉല്ലാസ, സാഹസിക റൈഡുകളും ഒരുക്കിയാൽ മൺസൂൺ ടൂറിസത്തിന്റെ ഇക്കോപോയിന്റ് ആയി മാറ്റാവുന്ന അമരാട് മലയുടെ വികസനത്തിനായി നേരത്തേ ശ്രമങ്ങൾ നടന്നിരുന്നെങ്കിലും ഒന്നും ഫലപ്രാപ്തിയിലെത്തിയിരുന്നില്ല. മത്തായിചാക്കോ എം.എൽ.എ. ആയിരുന്ന കാലത്ത് ഇവിടം ടൂറിസം കോറിഡോറിന്റെ ഭാഗമാക്കാനുദ്ദേശിച്ചിരുന്നു. മേഖലയുടെ വിനോദസഞ്ചാരസാധ്യത തേടി കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്ത് ടൂറിസം വകുപ്പിനുമുൻപാകെ 2017-ൽ പദ്ധതി നിർദേശം സമർപ്പിച്ചിരുന്നെങ്കിലും അതിനും തുടർചലനമുണ്ടായിരുന്നില്ല.
Previous Post Next Post