പേരാമ്പ്ര : ഡ്രൈവർക്ക് മർദനമേറ്റതിൽ പ്രതിഷേധിച്ച് കോഴിക്കോട്-കുറ്റ്യാടി റൂട്ടിൽ സംയുക്ത ബസ് തൊഴിലാളിക്കൂട്ടായ്മ സ്വകാര്യബസ് സമരം തുടങ്ങി. കൂമുള്ളിയിൽവെച്ച് കക്കട്ടിൽ-മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന അജ്‌വ ബസ് ഡ്രൈവർ നടുവണ്ണൂർ പുതിയപ്പുറം സ്വദേശി ലനീഷിനാണ് (38) മർദനമേറ്റത്. പരിക്കേറ്റ ഇയാളെ മൊടക്കല്ലൂരിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഹനത്തിന് പോകാൻ സ്ഥലം അനുവദിച്ചില്ലെന്നു പറഞ്ഞ് കാറിലെത്തിയ യുവാക്കൾ ഡ്രൈവറെ ബസിൽനിന്ന് റോഡിലേക്ക് വലിച്ചിട്ട് മർദിച്ചെന്നാണ് പരാതി. അത്തോളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജാമ്യമില്ലാവകുപ്പ് ചേർത്ത് കേസെടുത്ത് യുവാക്കളെ അറസ്റ്റുചെയ്യുന്നതുവരെ തൊഴിലാളികൾ തൊഴിലിൽനിന്ന് വിട്ടുനിൽക്കുമെന്ന് ബസ് തൊഴിലാളിക്കൂട്ടായ്മയുടെ നേതാക്കൾ പറഞ്ഞു. ഇതോടെ തിങ്കളാഴ്ചയും സമരം തുടരുമെന്ന് ഉറപ്പായി. മുൻകൂട്ടി മാധ്യമങ്ങളിലൂടെ അറിയിക്കാത്തതിനാൽ ഞായറാഴ്ച രാവിലെ യാത്രയ്ക്കിറങ്ങിയവർ സമരത്തെത്തുടർന്ന് വലഞ്ഞു. പലരും ബസ് സ്റ്റോപ്പിലെത്തിയശേഷമാണ് വിവരം അറിഞ്ഞത്.