കോഴിക്കോട്:താമരശേരി ചുരം ഒഴിവാക്കി വയനാട്ടിലേക്ക് എത്താനുള്ള കള്ളാടി – മേപ്പാടി തുരങ്കപ്പാതയുടെ നിർമാണം രണ്ടു കമ്പനികൾക്ക്. 1341 കോടി രൂപയ്ക്ക് ദിലിപ് ബിൽഡ്കോൺ തുരങ്കത്തിന്റെ നിർമാണവും 160 കോടി രൂപയ്ക്ക് റോയൽ ഇൻഫ്രാസ്ട്രക്ചർ കമ്പനി അപ്രോച്ച് റോഡിന്റെ നിർമാണവുമാണ് ഏറ്റെടുക്കുക. ടെൻഡറിൽ രണ്ടു പദ്ധതികൾക്കും കുറഞ്ഞ തുക ക്വോട്ട് ചെയ്തത് ഈ രണ്ടു കമ്പനികളാണെങ്കിലും ഇവരുമായി കൊങ്കൺ റെയിൽവേ കരാർ ഒപ്പിട്ടിട്ടില്ല. പ്രദേശത്തെ പ്രതികൂല സാഹചര്യങ്ങൾ മാറിയ ശേഷമേ കരാറുകൾ ഒപ്പിട്ട് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കൂ.
1643.33 കോടി രൂപയാണ് തുരങ്കത്തിന്റെ നിർമാണത്തിന് കൊങ്കൺ റെയിൽവേ ചെലവു കണക്കാക്കിയിരുന്നത്. ഇതിൽ നിന്ന് 18% കുറഞ്ഞ തുകയാണ് ദിലിപ് ബിൽഡ്കോൺ ആവശ്യപ്പെട്ടിരിക്കുന്നത്. നിർമാണം തുടങ്ങാൻ 85% ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കണം. ഈ നടപടികൾ കഴിഞ്ഞിട്ടുണ്ടെങ്കിലും കരാറിലെ വ്യവസ്ഥ പ്രകാരം കമ്പനിയുടേതല്ലാത്ത കാരണത്താൽ നിർമാണം വൈകിയാൽ കമ്പനിക്കു നഷ്ടപരിഹാരം നൽകേണ്ടി വരും. അതിനാൽ കാലാവസ്ഥ ഉൾപ്പെടെ എല്ലാ സാഹചര്യങ്ങളും അനുകൂലമായതിനു ശേഷമേ കരാർ ഒപ്പിടുകയുള്ളൂ.
രാജസ്ഥാനിലെ കോട്ട തുരങ്കപ്പാത, ഋഷികേശ് ബ്രോഡ്ഗേജ് പാത, ദേശീയ പാതയിലെ ചുരാഹത് ബൈപാസ് തുരങ്കം, ബിലാസ്പൂർ – ബേരി തുരങ്കം തുടങ്ങി വിവിധ പദ്ധതികൾ ഏറ്റെടുത്തിട്ടുള്ള കമ്പനിയാണ് ദിലിപ് ബിൽഡ്കോൺ. കൊങ്കൺ റെയിൽവേയുടെ വയനാട് തുരങ്കപ്പാത പദ്ധതി ടെൻഡർ ലഭിക്കുന്ന വിവരം പുറത്തായതോടെ കമ്പനിയുടെ ഓഹരി മൂല്യം 5% ഉയർന്നു. വയനാട്ടിലെ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ സാഹചര്യങ്ങൾ തുരങ്കപ്പാത നിർമാണത്തെ ബാധിക്കില്ലെന്ന നിലപാടിലാണ് കൊങ്കൺ റെയിൽവേയിലെ വിദഗ്ധർ. തുരങ്കം നിർമിക്കുന്നത് പ്രദേശത്ത് കൂടുതൽ ഭീഷണി ഉയർത്തിയേക്കില്ലെന്നും വീണ്ടും പഠനം നടത്താൻ സർക്കാർ തലത്തിൽ നിന്ന് ആവശ്യമൊന്നും ഉയർന്നിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു. രണ്ടു ഭാഗങ്ങളായാണു തുരങ്കപ്പാത നിർമാണത്തിന് ടെൻഡർ ക്ഷണിച്ചിരുന്നത്. ആകെ 13 കമ്പനികൾ പങ്കെടുത്തിരുന്നു.
Kalladi – Meppadi tunnel contract for two companies
Tags:
Tunnel Highway