വേങ്ങേരി പാലം ഗതാഗതത്തിന്‌ തുറന്നു



വേങ്ങേരി:ദേശീയപാത നിർമാണത്തിന്റെ ഭാഗമായി വേങ്ങേരി ജങ്‌ഷനിലെ പാലം ഭാഗികമായി വാഹന ഗതാഗതത്തിന് തുറന്നുകൊടുത്തു. ഓവർപാസിന്റെ  പ്രവൃത്തി നടക്കുന്നതിനാൽ ഒന്നരവർഷത്തിലേറെ  ദുരിതത്തിലായിരുന്ന നാട്ടുകാർ പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തുമാണ്  പാലം തുറക്കൽ ആഘോഷിച്ചത്. 
നോർത്ത് അസി. കമീഷണർ (ട്രാഫിക്) കെ എ സുരേഷ്ബാബു ഞായർ പകൽ 12.30 ഓടെയാണ് പാലം തുറന്നുകൊടുത്തത്.  45 മീറ്റർ വീതിയും 27 മീറ്റർ നീളവുമുള്ള പാലത്തിന്റെ നിർമാണം പൂർത്തിയായ 12.5 മീറ്ററിലാണ് വാഹനഗതാഗതം അനുവദിച്ചത്. 
ഓവർപാസ്‌ ഭാഗികമായി തുറന്നതോടെ ബാലുശേരി,നരിക്കുനി,  കക്കോടി, കൂരാച്ചുണ്ട്, നന്മണ്ട ഭാഗത്തുനിന്ന് നഗരത്തിലേക്കുള്ള വാഹനഗതാഗതം സുഗമമാവും. ദീർഘകാലമായി  ബസ്‌ സർവീസ് നടത്തിവരുന്ന പ്രാദേശിക റോഡായ തണ്ണീർപ്പന്തൽ- മാളിക്കടവ് റോഡിലേക്കുള്ള ഗതാഗതം അടയ്‌ക്കും. ഡിസംബറോടെ പാലം പൂർണമായും തുറന്നുകൊടുക്കാവുന്ന നിലയിലാണ് പ്രവൃത്തി നടക്കുന്നത്.  പ്രവൃത്തി പൂർത്തിയായാൽ നിലവിലുള്ള സർവീസ് റോഡുകളും അടയ്‌ക്കും. അടുത്ത ആഴ്ചയോടെ മലാപ്പറമ്പ് പാലത്തിന്റെ നിർമാണം ആരംഭിക്കും.

Previous Post Next Post