ബ്ലാക്ക് ഫംഗസ്: മരുന്നുക്ഷാമം രൂക്ഷം



കോഴിക്കോട്: ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ബ്ലാക്ക് ഫംഗസ് രോഗവ്യാപനം അതിരൂക്ഷമായതോടെ മരുന്ന് കിട്ടാനില്ല. ഗവ. മെഡിക്കൽകോളേജ് ആശുപത്രിയിൽ ബ്ലാക്ക് ഫംഗസ് ബാധിച്ച 18 പേർ ചികിത്സയിലുള്ളപ്പോൾ മരുന്നെത്തിയത് പരമാവധി നാലുപേർക്കുള്ള 20 വയൽ ലൈപോസോമൽ ആംഫോടെറിസിൻ മാത്രം. 

എത്തിയ മരുന്ന് ഒരുദിവസത്തെ ആവശ്യത്തിന് മാത്രമേ തികയൂ. ചൊവ്വാഴ്ച മുതൽ മരുന്നില്ലാതെ പ്രശ്നം രൂക്ഷമാകും. അതേസമയം അടിയന്തരമായി ആറ് വയൽ ആംഫോടെറിസിൻ സ്വകാര്യ ആശുപത്രിയിൽനിന്ന് ഏർപ്പാടാക്കി നൽകിയതായി ഇ.എൻ.ടി. വിഭാഗം അധികൃതർ അറിയിച്ചു.

വൃക്ക തകരാറുള്ള ബ്ലാക്ക് ഫംഗസ് രോഗികൾക്ക് നൽകുന്ന മരുന്നാണ് ലൈപോസോമൽ ആംഫോടെറിസിൻ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ മരുന്നില്ല. ഉടൻ തീരുമെന്ന് നേരത്തേതന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നുവെന്നും നടപടിയൊന്നും ഉണ്ടായില്ലെന്നും മെഡിക്കൽകോളേജ് അധികൃതർ പറഞ്ഞു.

കെ.എൽ.എസ്.സി.എല്ലിൽ മരുന്നില്ലാതായതോടെയാണ് ആശുപത്രികളിലെ മരുന്ന് ക്ഷാമം രൂക്ഷമായത്. സംസ്ഥാനങ്ങൾക്ക് ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് നേരിട്ട് വാങ്ങാൻ സാധിക്കില്ല. കേന്ദ്രത്തിൽനിന്ന് അനുവദിക്കുന്ന മുറയ്ക്കേ മരുന്ന് ലഭ്യമാകുകയുള്ളൂ. കഴിഞ്ഞാഴ്ചയും ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലൈപോസോമൽ ആംഫോടെറിസിൻ മരുന്ന് സ്റ്റോക്കില്ലാത്ത സ്ഥിതിവന്നിരുന്നു. 
Previous Post Next Post