
താമരശ്ശേരി: അശാസ്ത്രീയമായി റോഡ് നിർമ്മാണ പ്രവൃത്തി നടത്തിയത് കാരണം താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേട് മുതൽ പെരുമ്പള്ളി വരെയുള്ള ഭാഗത്ത് ദേശീയ പാത കുണ്ടും, കഴിയും, കുളവുമായി.റോഡിലെ കയറ്റം കുറക്കാൻ വേണ്ടി മണ്ണു നീക്കം ചെയ്ത രണ്ടു സ്ഥലങ്ങളിലാണ് റോഡ് തകർന്നത്.
റോഡുപണിയുടെ തുടക്കത്തിൽ തന്നെ കരാറുകാരായ നാഥ് കൺസ്ട്രക്ഷൻ കമ്പനിക്കെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു.ഇതേ തുടർന്ന് ഇവർ ടാറിംഗ് നടത്തിയ റോഡിൻ്റെ പല ഭാഗങ്ങളും പൊളിച്ചുമാറ്റി വീണ്ടും ടാറിംങ്ങ് നടത്തേണ്ടി വന്നിരുന്നു. ടാറിംങ്ങ് നടത്തിയ പല ഭാഗങ്ങളും ഇപ്പോഴും തകർന്ന അവസ്ഥയിലാണ്. ഇതു സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടന്നു വരികയാണ്.
കയറ്റം കുറക്കാൻ മണ്ണെടുത്ത് നിരപ്പാക്കിയ ഭാഗത്തു കൂടി ആമ്പുലൻസിലും മറ്റും രോഗികളെ കിടത്തി ഇതുവഴി കൊണ്ടുവരാൻ സാധിക്കില്ല, അത്രയധികം കുഴികളാണ് റോഡിൽ രൂപപ്പെട്ടത്.പല ഭാഗത്തും കെട്ടി നിൽക്കുന്ന വെള്ളം ഒഴുകിപ്പോകാൻ യാതൊരു വിധ സംവിധാനമില്ല. തീർത്തും അശാസ്ത്രീയമായാണ് റോഡ് പണി നടത്തിയത്.
ഉയരം കുറഞ്ഞ വാഹനങ്ങളും, ഇരുചക്രവാഹനയാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്.നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ ചെളിവെള്ളത്തിൽ വീണത്.